മുതിർന്ന തമിഴ് നടൻ ശരത് ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ശരത് ബാബുവിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൈദരാബാദിലെ എഐജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദിൽ ചികിത്സയിൽ കഴിയവെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
സത്യം ബാബു ദീക്ഷിതുലു എന്നാണ് യഥാർത്ഥ പേര്. 1973ൽ പുറത്തിറങ്ങിയ രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. കെ ബാലചന്ദറിന്റെ പട്ടണപ്രവേശം (1977) എന്ന ചിത്രം ശരത് ബാബുവിനെ താരപദവിയിലേക്ക് ഉയർത്തി.

അധികം വൈകാതെ തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ നടനായി മാറി. നിഴൽ നിജമഗിരദു (1978,) മുള്ളും മലരും (1978), ശൃംഗാര രാമുഡു, മുടി സൂഡ മന്നൻ 1978), ഇതി കഥ കാടിലെ (1979) എന്നിവയിലെ വേഷങ്ങൾ ശ്രദ്ധ നേടി. രജിനികാന്ത്, കമൽഹാസൻ, എൻ ടി രാമറാവു, ചിരഞ്ജീവി തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
മലയാളികൾക്കും സുപരിചിതനാണ് ശരത് ബാബു. ശരപഞ്ചരം (1979), ധന്യ (1981), ഡെയ്സി (1988), പൂനിലാമഴ (1997) തുടങ്ങിയ മലയാളചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏതാനും കന്നട സിനിമകളിലും ശരത് ബാബു അഭിനയിച്ചു.