വേറിട്ട മാതൃകയായി തെന്നിന്ത്യൻ താരം രാഘവ ലോറൻസ്. പുതിയ ചിത്രത്തിനായി ലഭിച്ച അഡ്വാൻസ് തുക മുഴുവനും ലോറൻസ് ചെലവഴിച്ചത് കൊറോണ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്. ‘ചന്ദ്രമുഖി 2’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി നിർമ്മാതാവ് നൽകിയ മൂന്നുകോടി രൂപയാണ് രാഘവ ലോറൻസ് കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കും 50 ലക്ഷം രൂപ വീതമാണ് ലോറൻസ് സംഭാവന നൽകിയത്. സിനിമ സംഘടനയായ ഫെഫ്സിക്ക് 50 ലക്ഷം, ഡാൻസേഴ്സ് യൂണിയനിലേക്ക് 50 ലക്ഷം, ദിവസവേതനക്കാർക്കും തന്റെ ജന്മനാടായ ദേസീയനഗർ റോയപുരം നിവാസികൾക്ക് 75 ലക്ഷം, ശാരീരിക വൈകല്യമുള്ളവർക്ക് 25 ലക്ഷം എന്നിങ്ങനെ മൂന്നുകോടി രൂപയും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി നൽകിയിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും താരം തന്റെ പോസ്റ്റിൽ പറയുന്നു. തനിക്ക് അവസരം തന്ന രജനീകാന്ത്, സംവിധായകൻ പി.വാസു, നിർമ്മാതാവായ സൺ പിക്ചേഴ്സിന്റെ കലാനിധി മാരൻ എന്നിവരോട് നന്ദിയുണ്ടെന്നും ലോറൻസ് പറയുന്നു.
നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. തീർച്ചയായും മാതൃകാപരമായൊരു കാര്യമാണിതെന്നാണ് സോഷ്യൽ മീഡിയ ലോറൻസിനെ അഭിനന്ദിക്കുന്നത്.