തമിഴ് സിനിമാലോകത്ത് ശ്രദ്ധേയനായ നടൻ മയിൽസാമി അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ മയിൽസാമി സുപരിചിതനായത്.
“ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രാമചന്ദ്ര ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. അവിടെ വച്ച് തന്നെയായിരുന്നു മയിൽസാമിയുടെ അന്ത്യം. പിന്നീട് ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിലായിരുന്നു മയിൽസാമി”, ട്രേഡ് അനലിസ്റ്റായ രമേഷ് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഹാസ്യ കഥാപാത്രങ്ങൾക്കു തന്റേതായ ശൈലി കൊണ്ടുവരാൻ ശ്രമിക്കുന്ന ആളായിരുന്നു എന്റെ പ്രിയ സുഹൃത്ത് മയിൽസാമി.ഒരുപാട് സഹായങ്ങൾ ചെയ്യുന്ന വ്യക്തി” കമലഹാസൻ സുഹൃത്തിനെ ഓർത്ത് ട്വിറ്ററിൽ കുറിച്ചു.
തമിഴ് സിനിമയിലെ വേഴ്‌സറ്റൈൽ ആക്ടർ എന്നാണ് മയിൽസാമിയെ വിശേഷിപ്പിച്ചിരുന്നത്. കെ ഭാഗ്യരാജിനൊപ്പമുള്ള ‘ധവനി കനവുകൾ’ ആണ് മയിൽസാമിയുടെ ആദ്യ ചിത്രം. ധൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്തിരൻ, വീരം, കാഞ്ചന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ ചെയ്‌തു.