ശബരിമല മകരവിളക്കിന് ഒരുങ്ങുമ്പോൾ അയ്യപ്പസ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങാൻ കടുത്ത അയ്യപ്പഭക്തനായ തമിഴ് സൂപ്പർതാരം ജയം രവിയും സന്നിധാനത്തെത്തിയിരിക്കുകയാണ്. പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. കോഴിക്കോട് കളക്ടറായിരുന്നു പ്രശാന്ത് നായരും ജയം രവിയ്ക്ക് ഒപ്പമുണ്ട്. താരത്തോടൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും പ്രശാന്ത് നായർ ഐഎസ് തന്നെയാണ്. ജയം രവി സ്വാമിയും ബ്രോ സ്വാമിയും അയ്യപ്പസ്വാമിയെ കാണാൻ പോയപ്പോൾ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രശാന്ത് നായർ പങ്കുവെച്ച സെൽഫി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മൂന്നാമത്തെ തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്. കടുത്ത അയ്യപ്പഭക്തനായ താരം കഴിഞ്ഞ വർഷത്തെ തന്റെ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായതിന്റെ നന്ദിയും സ്നേഹവും അയ്യപ്പനെ അറിയിക്കാനാണ് സന്നിധാനത്ത് എത്തിയതെന്ന് മാതൃഭൂമി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹത്തിനും താരം നന്ദി പറഞ്ഞു. നല്ല ഓഫറുകളും സാഹചര്യങ്ങളും ഒത്തുവന്നാൽ മലയാള സിനിമയുടെ ഭാഗമാകുമെന്നും ജയംരവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മകരജ്യോതി ദർശിക്കാനായി ഇന്നലെയാണ് ജയം രവി കേരളത്തിലെത്തിയത്. എല്ലാവർഷവും ജയറാമിനോടൊപ്പമാണ് താൻ ശബരിമലയിൽ എത്താറുള്ളതെന്നും എന്നാൽ ഇത്തവണ ജയറാമിന് വരാൻ സാധിച്ചില്ലെന്നും ജയം രവി വ്യക്തമാക്കി.
Read more: അച്ഛനെപ്പോലെ സ്റ്റാറാവാൻ ആരവും; മകനിൽ അഭിമാനം കൊണ്ട് ജയം രവി
പുതുമുഖമായ കാർത്തിക്ക് തങ്കവേലു സംവിധാനം ചെയ്ത ‘അടങ്ക മറു’ ആയിരുന്നു അവസാനമായി തിയേറ്ററുകളിലെത്തിയ ജയം രവി ചിത്രം. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസറെയാണ് ജയംരവി ചിത്രത്തിൽ അവതരിപ്പിച്ചത്. റാഷി ഖന്നയായിരുന്നു ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെ നായിക. സത്യൻ സൂര്യൻ ഛായാഗ്രഹണവും സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ തുടങ്ങി വൻതാരനിര തന്നെ അഭിനയിച്ചിരുന്നു.