ജെല്ലിക്കെട്ട് പ്രതിഷേധത്തിൽ പിന്തുണയുമായി ഇളയദളപതി വിജയ്യും. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര രംഗത്തെ പല പ്രമുഖരും രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വിജയ്യും തന്റെ നിലപാട് വിഡിയോയിലൂടെ വ്യക്തമാക്കിയത്.
ജനങ്ങളുടെ സംസ്കാരത്തെയും അവകാശത്തെയും സംരക്ഷിക്കാനാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അവയെ പിടിച്ചെടുക്കാനല്ല. തമിഴ് ജനതയുടെ അടയാളമാണ് ജെല്ലിക്കെട്ട്. ഒരു രാഷ്ട്രീയ ഉദ്ദേശ്യവുമില്ലാതെ യാതൊരുവിധ സ്വാർഥ താൽപര്യവുമില്ലാതെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മുന്നോട്ടുവന്ന ഓരോ യുവാക്കളെയും ഞാൻ ബഹുമാനിക്കുന്നു. പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചാൽ അതെനിക്ക് സന്തോഷമേകുമെന്നും വിജയ് പറഞ്ഞു.
പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെങ്ങും പ്രക്ഷോഭം നടക്കുകയാണ്.