പ്രശസ്ത നടനും നിർമാതാവും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംവിധായകൻ ഭാരതിരാജയുടെ സഹായിയായാണ് മനോബാല സിനിമ രംഗത്തേക്ക് എത്തുന്നത്. 1979ൽ പുറത്തിറങ്ങിയ ഭാരതിരാജയുടെ പുതിയ വാർപ്പുകളിൽ നടനായും സഹസംവിധായകനായും മനോബാല പ്രവർത്തിച്ചു. കാർത്തിക്- സുഹാസിനി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആഗായ ഗംഗ ( 1982) എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. പറമ്പരിയം, എൻ പുരുഷൻ എനിക്ക് മട്ടുംതാൻ, ഊർക്കവളൻ, മല്ലുവെട്ടി മൈനർ, പിള്ള നില എന്നിങ്ങനെ 24 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, വിജയകാന്ത്, സത്യരാജ്, രജനീകാന്ത് എന്നിവരെല്ലാം മനോബാലയുടെ ചിത്രത്തിൽ നായകന്മാരായി എത്തി.
ഏതാണ്ട് 300ഓളം ചിത്രങ്ങളിലും മനോബാല അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച മനോബാല പിന്നീട് ജനപ്രിയ ഹാസ്യതാരമായി മാറുകയായിരുന്നു. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തുപ്പാക്കി, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിർമാണരംഗത്തും സജീവമായിരുന്നു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.