ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ നൽകിയ പരാതിയിന്മേൽ മദ്രാസ് ഹൈക്കോടതിയിൽ തെളിവെടുപ്പ് നടന്നു. ഇതിനായി നടൻ നേരിട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിൽ അടയാള പരിശോധനയ്‌ക്ക് ഹാജരായി. അമ്മ വിജയലക്ഷ്‌മിക്ക് ഒപ്പമാണ് നടൻ കോടതിയിൽ എത്തിയത്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്പതികളുടെ അവകാശവാദം.

ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് ദമ്പതികൾ പറഞ്ഞിരുന്നത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും തയാറാണെന്നാണ് ദന്പതികൾ കോടതിയിൽ അറിയിച്ചിരിക്കുന്നത്. അവകാശവാദം തെളിയിക്കാനായി കോടതി യഥാർഥ സ്കൂൾ രേഖകൾ ഹാജരാക്കാൻ ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ദമ്പതികളുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ധനുഷ് കോടതിയിൽ മറ്റൊരു പരാതി സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദേശമനുസരിച്ച് കഴിഞ്ഞ ദിവസം ഇരു കൂട്ടരും സ്കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പി സമർപ്പിച്ചിരുന്നു. ദമ്പതികൾ സമർപ്പിച്ച രേഖയിലെ അടയാളങ്ങളും ധനുഷിന്റേതും ഒത്തു നോക്കാനായാണ് ഇന്ന് കോടതിയിൽ ഹാജരാകാൻ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ