ബൈക്ക് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്ത്. ദക്ഷിണ മേഖലയിലെ മലനിരകളിലൂടെ അജിത്ത് നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ഗില്‍, ലേ, ലഡാക്ക്, ജമ്മു, ശ്രീനഗര്‍, മണാലി, റിഷിക്കേഷ്, ഹരിദ്വാര്‍ എന്നിവടങ്ങളിലൂടെയായിരുന്നു അജിത്തിന്റെ യാത്രകള്‍. ‘തുനിവ്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു യാത്രകള്‍ക്കു ശേഷം അജിത്ത് ബാങ്കോക്കിലേയ്ക്കു മടങ്ങിയിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിനു ശേഷം തന്റെ ബൈക്കെടുത്തു ബാങ്കോക്ക് ചുറ്റി കാണാന്‍ ഇറങ്ങിയിരിക്കുകയാണ് അജിത്ത്.
ബാങ്കോക്ക് യാത്രക്കിടയിലുളള അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് ഇന്ത്യയിലൂടെ നടത്തിയ യാത്രകളില്‍ ധരിച്ച ജാക്കറ്റു തന്നെയാണ് അജിത്ത് ഈ യാത്രയ്ക്കു തിരഞ്ഞെടുത്തിരിക്കുന്നത്.
സിനിമയ്ക്കു പുറമെ മറ്റു മേഖലകളിലും അജിത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന ഷൂട്ടിങ്ങ് മത്സരത്തില്‍ അജിത്ത് മെഡല്‍ സ്വന്തമാക്കിയിരുന്നു. ഡ്രോണ്‍ എന്‍ജിനീയറിങ്ങിലും അജിത്ത് തന്റെ മികവു തെളിയിച്ചിട്ടുണ്ട്.
എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘തുനിവ്’ ആണ് അജിത്തിന്റെ പുതിയ ചിത്രം. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതു മഞ്ജു വാര്യരാണ്. അജിത്തിനൊപ്പമുളള യാത്രാ ചിത്രങ്ങള്‍ മഞ്ജുവും പങ്കുവച്ചിരുന്നു.