തമിഴ് നടനും ഡെർമറ്റോളജിസ്റ്റുമായ ഡോ.സേതുരാമൻ (34) അന്തരിച്ചു. ഹൃദയാഘാതത്ത തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തമിഴിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘കണ്ണാ ലഡ്ഡു തിന്ന ആസയാ’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തേക്ക് എത്തിയത്. സന്താനം, വിശാഖ സിങ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ‘വാലിബ രാജ’, ’50/50′, ‘സക്ക പോടു പോടു രാജ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയം മാറ്റി നിർത്തിയാൽ ഡെർമറ്റോളജിസ്റ്റ് (ത്വക്‌രോഗ വിദഗ്‌ധൻ) ആണ് ഡോ.സേതുരാമൻ. 2016 മുതൽ ചെന്നൈയിൽ സി ക്ലിനിക് എന്ന സ്വന്തം ക്ലിനിക് നടത്തിവരികയാണ്.

നടൻ സന്താനത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഡോ.സേതുരാമൻ. തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അവന്റെ ആത്മാവിനായി പ്രാർഥിക്കുന്നുവെന്നും സന്താനം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കണ്ണാ ലഡ്ഡു തിന്ന ആസയാ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച വിശാഖ സിങ്, ഐശ്വര്യ രാജേഷ്, സതീഷ്, പ്രസന്ന, ജയം രവി, വിഷ്ണു വിശാൽ, അഥർവ, സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദ്രൻ തുടങ്ങി നിരവധി പേർ ഡോ.സേതുരാമന്റെ നിര്യാണത്തിൽ അനുശോചിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook