തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി കരിയറിൽ ഉയർച്ചയുടെ ഗ്രാഫിലാണ് തമന്ന. അടുത്തിടെ താരം മുംബൈ വെർസോവയിൽ ഒരു അപ്പാർട്മെന്റ് സ്വന്തമാക്കി. അപ്പാർട്മെന്റിന്റെ നാലുവശത്തുനിന്നു നോക്കിയാലും കടൽ കാണാം എന്നതാണ് പ്രത്യേകത. മാർക്കറ്റ് വിലയേക്കാൾ ഇരട്ടി തുക നൽകിയാണ് തമന്ന തന്റെ ഈ സ്വപ്ന ഭവനം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

ഒരു സ്ക്വയർ ഫീറ്റിന് 80,778 രൂപയാണ് തമന്ന നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 35,000-40000 രൂപ വിലയുളള സമയത്താണ് തമന്ന ഇത്രയും തുക മുടക്കിയത്. 2055 സ്ക്വയർ ഫീറ്റുളള അപ്പാർട്മെന്റ് 16.60 കോടിക്കാണ് തമന്ന വാങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപ്പാർട്മെന്റ് രജിസ്റ്റർ ചെയ്യുന്നതിനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നൽകിയത്. ഇന്റീരിയർ വർക്കിനായി 2 കോടിയാണ് തമന്ന ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഏതു വശത്തുനിന്നു നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാമെന്നതാണ് ഇത്രയും തുക മുടക്കി തമന്ന അപ്പാർട്മെന്റ് വാങ്ങാൻ കാരണമെന്നാണ് ബാന്ദ്രയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ പറയുന്നത്.

22 നിലകളുളള കെട്ടിടത്തിലെ 14-ാം നിലയിലാണ് തമന്നയുടെ അപ്പാർട്മെന്റ്. തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് അപ്പാർട്മെന്റ് വാങ്ങിയിരിക്കുന്നത്. ഇപ്പോൾ ലോകന്ദ്‌വാല കോംപ്ലക്സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അധികം വൈകാതെ തന്നെ കുടുംബം പുതിയ അപ്പാർട്മെന്റിലേക്ക് മാറിയേക്കും.

ഹിന്ദി ചിത്രമായ ക്വീനിന്റെ തെലുങ്ക് റീമേക്ക് ആയ മഹാലക്ഷ്മിയാണ് തമന്നയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചാക്രി ടോലറ്റി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഖാമോഷിയാണ് തമന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ബോക്സോഫിസിൽ ചിത്രം പരാജയമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook