തെന്നിന്ത്യൻ സുന്ദരി തമന്ന ബാട്ടിയയുടെ പിറന്നാളാണിന്ന്. തമിഴ് സിനിമാലോകത്ത് നിറഞ്ഞു നിന്ന തമന്ന തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ബാന്ദ്ര’യിലാണ് താരം എത്തുക.തമന്നയാണ് ചിത്രത്തിലെ നായിക എന്ന് അറിഞ്ഞതു മുതൽ ഏറെ ആഹ്ളാദത്തിലായിരുന്നു സിനിമാസ്വാദകർ. തമന്നയുടെ പിറന്നാൾ ദിവസം ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
റോയൽ ലുക്കിലാണ് തമന്ന പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. തികച്ചും വ്യത്യസ്തമായ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്.
ദിലീപിന്റെ പിറന്നാൾ ദിവസവും പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇരു പോസ്റ്ററുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
‘രാമലീല’ യ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാന്ദ്ര’. ചിത്രീകരണം ആരംഭിക്കും മുന്‍പ് തമന്നയും ദിലീപും കൊട്ടാരകര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ശരത് കുമാർ, ദിനോ മോറിയ എന്നിവർ ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ‘ബാന്ദ്ര’.
ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.