അഭിനേതാക്കളായ തമന്ന ബാട്ടിയയും വിജയ് വർമയും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. രണ്ടും പേരും ന്യൂയർ ഇയർ ആഘോഷിക്കാൻ ഒന്നിച്ച് ഗോവയിലെത്തിയെന്ന വാർത്തകളും പരക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഗോവയിലെ പ്രമുഖ റെസ്റ്ററന്റിലെ ന്യൂ ഇയർ ആഘോഷത്തിലാണ് താരങ്ങൾ പങ്കെടുത്തത്. ആഘോഷത്തിനിടയിൽ പരസ്പരം കെട്ടിപിടിക്കുന്ന ഇരുവരെയും വീഡിയോയിൽ കാണാം. താരങ്ങളുടെ മുഖം വ്യക്തമല്ലെങ്കിലും അവർ ധരിച്ചിരിക്കുന്ന വസ്ത്രം അനുസരിച്ചാണ് നെറ്റിസൺസ് അതു തമന്നയും വിജയുമാണെന്ന നിഗമനത്തിലെത്തിയത്.
തമന്നയുടെ ഫാൻസ് പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പരിചയത്തെക്കുറിച്ചു പോലും പൊതുയിടങ്ങളിൽ പറയാത്ത താരങ്ങൾ ‘ലസ്റ്റ് സ്റ്റോറീസ് 2’ ൽ ഒന്നിച്ചെത്തുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്.
ആലിയ ഭട്ടിനൊപ്പമുള്ള ‘ഡാർലിങ്ങ്സാ’ണ് വിജയ്യുടെ അവസാനം റിലീസിനെത്തിയ ചിത്രം. മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തമന്ന, ദിലീപ് ചിത്രം ‘ബാന്ദ്ര’യിൽ പ്രധാന വേഷത്തിലെത്തും.