വിവാഹ വാർത്തകളോട് അതിരൂക്ഷമായി പ്രതികരിച്ച് നടി തമന്ന ഭാട്ടിയ. യുഎസിലെ ഡോക്ടറെ തമന്ന വിവാഹം ചെയ്യാൻ പോകുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് അവര്‍ രംഗത്തെത്തിയത്.
”ഒരു ദിവസം നടൻ, മറ്റൊരു ദിവസം ക്രിക്കറ്റർ, ഇപ്പോഴിതാ ഡോക്ടർ. ഈ അപവാദ പ്രചാരണമൊക്കെ കേൾക്കുമ്പോൾ ഞാൻ ഭർത്താവിനെ നോക്കി നടക്കുകയാണെന്നു തോന്നും. പ്രണയം ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുളള അടിസ്ഥാന രഹിതമായ വാർത്തകളെ ഞാൻ പ്രോൽസാഹിപ്പിക്കില്ല. ഒറ്റയ്ക്കുളള ജീവിതത്തിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കൾ എനിക്കു വേണ്ടി വരനെ തിരയുന്നില്ല”, തമന്ന വ്യക്തമാക്കി.
”ഇപ്പോൾ ഞാൻ പ്രണയിക്കുന്നത് സിനിമയെയാണ്. ഷൂട്ടിങ് തിരക്കുകളിൽ കഴിയുന്ന എന്നെക്കുറിച്ച് തുടർച്ചയായി ഇത്തരം ഊഹോപോഹങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ല. ഇത് ശരിക്കും അപകീർത്തികരവും അനാദരവുമാണ്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നതേയില്ല. എന്റെ വിവാഹത്തെക്കുറിച്ചുളള വാർത്തകളെല്ലാം ആരുടെയോ മനോഭാവന മാത്രമാണ്”, തമന്ന പറഞ്ഞു.
ബോളിവുഡ് സിനിമ ‘ക്വീനി’ന്റെ തെലുങ്ക് റീമേക്കിൽ നായിക തമന്നയാണ്. ഈ സിനിമയുടെ തിരക്കുകളിലാണ് താരം. തമിഴിൽ ഉദയനിധി സ്റ്റാലിൻ നായകനാവുന്ന ചിത്രത്തിലും നായിക തമന്നയാണ്. സീനു രാമസ്വാമിയാണ് സംവിധായകൻ.