തമന്ന ഭാട്ടിയയും ഹൃത്വിക് റോഷനും തമ്മിലുളള ആത്മബന്ധത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. ഹൃത്വിക്കിനൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ തമന്ന പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് ഏവർക്കും മനസ്സിലായത്. ഫറാ ഖാൻ അവതരിപ്പിക്കുന്ന ലിപ് സിങ്ക് ബാറ്റിൽ ഷോയുടെ റിഹേഴ്സലിനായി യാഷ് രാജ് സ്റ്റുഡിയോയിലെത്തിയപ്പോഴാണ് തമന്ന തന്റെ ഇഷ്ടതാരമായ ഹൃത്വിക്കിനെ കണ്ടുമുട്ടിയത്.

”ഞാൻ സിനിമയിലേക്ക് വരാൻ കാരണക്കാരൻ ഹൃത്വിക്കാണ്. എന്റെ കരിയറിന്റെ തുടക്കം മുതൽ ഹൃത്വിക്കിനെ അറിയാം. അദ്ദേഹത്തിന്റെ ആത്മാർഥതയും സിനിമയോടുളള സമർപ്പണവും എപ്പോഴും തനിക്ക് പ്രചോദനം നൽകാറുണ്ടെന്നും” തമന്ന പറയുന്നു. ”നൃത്തത്തിൽ അതീവ ഉത്സാഹമുളള വ്യക്തിയാണ് ഞാൻ. എന്നാൽ നൃത്തത്തിന്റെ കാര്യത്തിൽ ഹൃത്വിക് അവതാരപുരുഷനാണ്. എനിക്ക് ഇഷ്ടപ്പെട്ട ഒരു നടനുണ്ടെങ്കിൽ അത് ഹൃത്വിക്കാണ്. അവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഒപ്പം അഭിനയിക്കണമെന്നും” തമന്ന പറയുന്നു.

”ഒരു ദിവസം എന്റെ ഇഷ്ട ഹീറോയെ കാണണമെന്ന് രഹസ്യമായി ആഗ്രഹിച്ചിരുന്നു. ഇത്രയും വർഷങ്ങളായി ഞാൻ കാത്തുവച്ച ആ മോഹം ഇന്നു സാഫല്യമായി. ഞാൻ ഭാഗ്യവതിയായി. വളരെ വിനീതനായ വ്യക്തിയാണ് ഹൃത്വിക്. ഒരു ഫോട്ടോയെടുക്കുമ്പോൾ ഇതിനു മുൻപ് ഒരിക്കലും നെർവസ് ആയി തോന്നിയിട്ടില്ല. എനിക്ക് മറക്കാനാവാത്ത ഈ ഓർമ തന്നതിന് നന്ദി പറയുന്ന”തായും തമന്ന തന്റെ ഇൻസ്റ്റഗ്രാമിൽ എഴുതി.

ഹിന്ദിയിൽ വൻ വിജയം നേടിയ ക്വീൻ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് തമന്ന. തമിഴിൽ വിക്രമിനൊപ്പമുളള തമന്നയുടെ ‘സ്കെച്ച്’ റിലീസിന് തയാറെടുക്കുകയാണ്. ബോളിവുഡിൽ കാമോഷി എന്ന ചിത്രവും തമന്നയുടേതായി പുറത്തിറങ്ങാനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook