ഹൈദരാബാദിൽ ജുവലറി ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടി തമന്നയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. 31 കാരനായ ബിടെക് ബിരുദധാരിയായ യുവാവാണ് നടിക്കു നേരെ ചെരുപ്പെറിഞ്ഞത്. എന്നാൽ ചെരുപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. പകരം നടിക്കു സമീപത്തായി നിന്ന മറ്റൊരാളുടെ ദേഹത്താണ് കൊണ്ടത്. ഉടൻ തന്നെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തമന്നയുടെ ഇപ്പോഴത്തെ സിനിമകൾ ഇഷ്ടമല്ലാത്തതിനാൽ ചെരുപ്പ് എറിഞ്ഞെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പക്ഷേ ഈ സംഭവം തമന്നയെ ഒട്ടും ബാധിച്ചിട്ടില്ല. വളരെ പോസിറ്റീവായാണ് തമന്ന ഈ സംഭവത്തെ നോക്കി കണ്ടത്. ”അവിടെ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നിട്ടും ഒരാൾ ഈ രീതിയിൽ പ്രതികരിച്ചാൽ നമുക്കൊന്നും ചെയ്യാനാവില്ല”, ഡെക്കാൺ ക്രോണിക്കിളിനോട് തമന്ന പറഞ്ഞു.

”ഒരു അഭിനേത്രി എന്ന നിലയിൽ ജനങ്ങൾ പൂക്കൾ കൊണ്ട് സ്വീകരിച്ചാലും ചിലപ്പോൾ ദേഹത്ത് ചെരുപ്പ് എറിഞ്ഞാലും അത് സ്വീകരിക്കും. അതിൽ മറ്റൊന്നും ചെയ്യാനാവില്ല. എല്ലാം ഉൾക്കൊണ്ട് മുന്നോട്ടു പോകണം” തമന്ന പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 4 സിനിമകളിലാണ് തമന്ന കരാർ ഒപ്പിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ