ലോഹിതദാസിനെ കണ്ടില്ലായിരുന്നെങ്കിൽ സിനിമയിലേക്ക് ഒരിക്കലും വരില്ലായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ. ലോഹിതദാസ് സാറിന്റെ മരണം ഒരുപാട് വേദനിപ്പിച്ചു. ലോഹി സാറിന്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ടോക്ക് ടൈം വിത്ത് മാത്തുക്കുട്ടി ഷോയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ആദ്യകാലങ്ങളിൽ പലരും ഉപേക്ഷിക്കുന്ന കഥാപാത്രങ്ങളാണ് എന്നെ തേടി വന്നത്. വെല്ലുവിളി ആയിട്ടാണ് അതെല്ലാം ഏറ്റെടുത്തത്. ചിലതൊക്കെ പരാജയപ്പെട്ടു, ചിലതൊക്കെ വിജയിച്ചു. അതിലൊന്നായിരുന്നു മല്ലു സിങ്ങിലെ കഥാപാത്രം. ആദ്യം പൃഥ്വിരാജിനെയാണ് പരിഗണിച്ചിരുന്നത്. എന്തോ കാരണത്താൽ പൃഥ്വിരാജിന് അത് ചെയ്യാനായില്ല. അങ്ങനെയാണ് ആ കഥാപാത്രം എനിക്ക് ലഭിച്ചത്. അതെന്റെ കരിയറിലെ മികച്ച ഒന്നായിരുന്നുവെന്നും ഉണ്ണി പറഞ്ഞു.

മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയുടെ ചിത്രത്തിൽ ചെറിയൊരു ഷോട്ടിലാണങ്കിൽ പോലും അഭിനയിക്കും. അതു ചിലപ്പോൾ വെറുതെ വന്നുപോകുന്ന ഒന്നായിരിക്കും. എങ്കിൽപോലും അത് ചെയ്യും. എനിക്കെപ്പോഴും പിന്തുണ നൽകുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. നടനെന്നപ്പോലെ ഒരു സംവിധായകനാവുക എന്നതും തന്റെ ആഗ്രഹമാണെന്നും ഉണ്ണി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ