പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും ജോഡികളായെത്തിയ ’96’ എന്ന തമിഴ് ചിത്രം. ‘നടുവില കൊഞ്ച് പക്കത്തെ കാണോം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ പ്രേംകുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാല്‍ വലിയൊരു പ്രതിസന്ധിക്ക് ശേഷമായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ നന്ദഗോപാല്‍ ‘കത്തിസണ്ടൈ’ എന്ന ചിത്രത്തിനായി മൂന്ന് കോടി രൂപ ഒരു സാമ്പത്തിക ഇടപാടുകാരനില്‍ നിന്നും കടം വാങ്ങിയിരുന്നു. കൂടാതെ ഒരു കോടി രൂപ നടനും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനും നന്ദഗോപാല്‍ കൊടുക്കാനുണ്ടായിരുന്നു.
പ്രശ്നം ഗുരുതരമായപ്പോള്‍ അവസാന നിമിഷം ഈ കടം സേതുപതി തന്റെ തോളത്ത് എടുത്തുവെച്ചു. നാലരക്കോടി രൂപ താന്‍ തരാമെന്ന് സേതുപതി പറഞ്ഞതോടെയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ വിജയ് സേതുപതി ഈ കടം ഏറ്റെടുത്തെന്ന് അറിഞ്ഞപ്പോള്‍ രാത്രി മുഴുവന്‍ തനിക്ക് ഉറങ്ങാനായില്ലെന്ന് വിശാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തിലുളള അനുഭവങ്ങളും വേദനകളും താന്‍ അനുഭവിച്ചിട്ടുണ്ടെന്നും തന്റെ സഹപ്രവര്‍ത്തകന്‍ കൂടി ഇത് അനുഭവിക്കേണ്ടി വന്നതിലാണ് വിഷമമെന്നും വിശാല്‍ പറഞ്ഞു.
സംഘടനയെ നയിക്കുന്ന വിശാല്‍ സിനിമയുടെ റിലീസിനുള്ള തടസം മാറ്റുകയും നിര്‍മാതാവിന് പണം തിരികെ അടക്കാന്‍ കൂടുതല്‍ സമയം നല്‍കുകയും ചെയ്തു. ‘പണമല്ല, എനിക്ക് സൗഹൃദമാണ് വലുത്. മറ്റുള്ളവര്‍ വരുത്തി വയ്ക്കുന്ന ബാധ്യത ഒരു നടന്‍ ഏറ്റെടുക്കുക എന്നത് ഏറെ ദുഖഃകരമാണ്- വിശാല്‍ വ്യക്തമാക്കി. 96 വലിയൊരു വിജമായി മാറട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രാഹകൻ സി പ്രേംകുമാറിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് 96. തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോൻ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ആദിത്യ ഭാസ്കര്‍, ഗൌരി ജി കിഷന്‍, ദേവദര്‍ശിനി, എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.