/indian-express-malayalam/media/media_files/uploads/2017/03/take-off-movie.jpg)
വിദേശത്തു ജോലി ചെയ്യുന്ന ഒരു നഴ്‌സിന്റെ ഭാരിച്ച ശമ്പളത്തിന്റെ ബലത്തില്‍, നാട്ടിലും വിദേശത്തുമൊക്കെയായി ധൂര്‍ത്തും അലസതയും മധുവും മദിരയുമൊക്കെ ചേര്‍ത്ത് ജീവിതം ജീവിച്ചുപോകുന്ന ഒരു ഒറ്റപ്പെട്ടവന്റെ കഥ ചിരിത്താളത്തില്‍ പറയുന്ന ഒരു പഴയ സക്കറിയക്കഥയുണ്ട്. - സലാം അമേരിക്ക. അതില്‍ ചിരിയാണെന്നു ഒറ്റനോട്ടത്തില്‍ത്തോന്നുമെങ്കിലും ജനിച്ചുവളര്‍ന്ന കുടുംബത്തിന്റെയും കല്യാണം വഴി എത്തപ്പെട്ട കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കുമുന്നില്‍ ഉരുകുന്ന ഒരു പെണ്ണും അവളുടെ ഭര്‍ത്താവുദ്യോഗം വഹിക്കാന്‍ ചുമതലപ്പെട്ട ഒരു ആണിന്റെ ഗതികേട് സുഖലോലുപത്വമായി രൂപാന്തരപ്പെടുന്നതിന്റെയും സങ്കടമൂറുന്ന ബഷീറിയന്‍ ചിരിയാണതില്‍. അതോർമ വന്നു ടേക്ക് ഓഫ് കണ്ടിരിക്കുമ്പോള്‍.
/indian-express-malayalam/media/media_files/uploads/2017/03/take-off-1-1.jpg)
ടേക്ക് ഓഫില്‍ വളരെ കുറച്ചേയുള്ളൂ ചിരി. നൃത്തം ഒരു തരിപോലുമില്ല. നാടന്‍ ശീലോ ഡപ്പാംകൂത്തോ ഇപ്പോഴത്തെ സിനിമകളുടെ ഹരമായ കറുത്ത മനുഷ്യരോ ഇല്ല. സിനിമ തുടങ്ങുമ്പോഴും തീരുമ്പോഴും ഇത് യഥാര്‍ത്ഥ ജീവിതമായിരുന്നു എന്ന് കാണിച്ചും പറഞ്ഞും കൊണ്ട് ഡോക്യുമെന്ററി സ്‌റ്റെലില്‍ കുറേ രംഗങ്ങള്‍, വാര്‍ത്താശകലങ്ങള്‍ ഒക്കെ കാണിക്കുന്നുണ്ട്. പുലിമുരുകനിലെ ഓളങ്ങളില്‍ തിമിര്‍ത്തൊഴുകിയ അതേ ജനം നിശബ്ദരായിരുന്ന് അതെല്ലാം കണ്ടു, ഒടുക്കം കൈയടിച്ചു. അതിമാനുഷികത്വത്തിനപ്പുറം മനുഷ്യത്വം വേരുറപ്പിക്കാനുള്ള മണ്ണൊരുങ്ങുന്നു മലയാളസിനിമയില്‍ എന്നതിന്റെ തെളിവ്.
2014 ല്‍ ആഭ്യന്തരയുദ്ധകാലത്ത് ഇറാഖില്‍ പെട്ടുപോയ 19 മലയാളി നഴ്‌സുമാരും ഐഎസ് ഭീകരരുടെ കൈയില്‍നിന്ന് ഭാവനയും ചിന്തയും നയതന്ത്രവും വാഗ്ദാനങ്ങളും രഹസ്യങ്ങളും എല്ലാം ചേരുംപടി അളവില്‍ ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനമാക്കി മാറ്റിയ ഒരു ഇന്ത്യന്‍ അംബാസഡറും സത്യമാണ്. സത്യങ്ങളാണ് ഈ സിനിമയുടെ വിത്ത്. ട്രാഫിക്കിലും എന്നു നിന്റെ മൊയ്തീനിലും മുംബൈ പൊലീസിലും എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ ആദ്യ സംവിധാനസംരംഭമാണ് ടേക്ക് ഓഫ്.
/indian-express-malayalam/media/media_files/uploads/2017/03/take-off-1.jpg)
ഗള്‍ഫ് യുദ്ധസമയത്തിലെ കുവെത്തിനെ ഒപ്പിവെച്ച എയര്‍ലിഫ്റ്റ് എന്ന ബോളിവുഡ് സിനിമയോളം വരുന്ന, എന്നാല്‍ തനിമയും സ്വന്തമായ നിലപാടുകളും ആത്മാര്‍ത്ഥതയുമുള്ള ഒരു ശ്രമമായി ഇതിനെ കാണാം. വിശ്വരൂപത്തിലും വസീറിലും കാര്‍ത്തിക് കോളിങ് കാര്‍ത്തിക്കിലും ക്യാമറ ചലിപ്പിച്ച സാനു ജോണ്‍ വര്‍ഗ്ഗീസ്, ഒരു യുദ്ധത്തിന്റെ ആധിവ്യാധികള്‍ സിനിമയുടെ മൂഡിനനുസരിച്ച് പകര്‍ത്തിയിരിക്കുന്നു. രക്തമയ ദൃശ്യങ്ങള്‍ അധികമായോ, ഇത്രയും വിശദാംശങ്ങള്‍ ഇല്ലാതെ ചില ധ്വനിപ്പിക്കലുകള്‍ കൊണ്ടുമാത്രം തീവ്രമാക്കാമായിരുന്നില്ലേ ഈ യുദ്ധഭീകരത എന്നൊരു നിമിഷം പരിഭവം തോന്നാം.
വെറും വടിവാള്‍ വെട്ടുകള്‍ അറപ്പിക്കുന്ന തരത്തില്‍ ചോര ചീറ്റിക്കുന്ന തട്ടിക്കൂട്ടു സിനിമകല്‍ കൊടികുത്തി വാഴുന്ന ഒരിടത്ത്, ഇതൊരു കൊടും തെറ്റല്ല, തിരുത്താമായിരുന്ന ഒരു ചെറിയ തെറ്റേ ആവുന്നുള്ളു എന്ന് പിന്നെ ചോരയുമായി സമരസപ്പെടാനാണ് തോന്നുക. വീട്ടുകാര്‍ കടക്കൂമ്പാരത്തീല്‍ വീഴുന്നതു വഴിയാണ് ഏതു കാലത്തും കേരളത്തില്‍ നഴ്‌സുമാര്‍ ജനിച്ചിട്ടുള്ളത്. അത് കേരളത്തിന്റെ നിഷേധിക്കപ്പെടാനാവാത്ത സത്യമാണ്. ദരിദ്ര നാരായണന്മാരും ദരിദ്രമ ത്തായിമാരും ദരിദ്ര അലിമാരുമെല്ലാം വീടിനെ ഭദ്രമായ സാമ്പത്തിക നിലയിലേക്കുയര്‍ത്താന്‍ കാണുന്ന ഒരു കോമണ്‍ സ്വപ്‌നമാണ് അവരുടെ പെണ്‍മക്കളുടെ നഴ്‌സിങ് പഠനം.
/indian-express-malayalam/media/media_files/uploads/2017/03/takeoff-fahadh.jpg)
കോഴ്‌സ് കഴിഞ്ഞാല്‍ കടത്തിന്റെയും പലിശയുടെയും പെരുങ്കടല്‍ കടക്കാനും സുരക്ഷിതസ്ഥാനത്ത് കുടുംബത്തെ നങ്കൂരമിടീക്കാനും ഈ പെണ്‍കുട്ടികള്‍ പിന്നെ വിദേശത്ത് പോയേ പറ്റൂ. ബാക്കി പെണ്‍മക്കളെ കെട്ടിച്ചു വിടാനും വീടു പണിയാനും സ്ഥലം വാങ്ങാനും കട തുടങ്ങാനും എന്നു തുടങ്ങി അവരുടെ അച്ഛനമ്മമാര്‍ അതു വരെ കണ്ട എല്ലാ സ്വപ്ന സാക്ഷാത്ക്കാരത്തിനുമുള്ള കുറുക്കുവഴിയാണ് ഇവരുടെ വെള്ള നഴ്‌സ് കുപ്പായം. കല്യാണം കഴിച്ച കുടുംബത്തിനോടോ അതുവരെ വളര്‍ത്തിയ കുടുംബത്തിനോടോ പിന്നെ കൂറു കാണിക്കേണ്ടത് എന്ന ധര്‍മ്മസങ്കടമാണ് ഈ നഴ്‌സുമാരെല്ലാം തന്നെ അവരുടെ ജീവിതം കൊണ്ടു സമ്പാദിക്കുന്നത് എന്നത് കേരളത്തിനറിയാവുന്നിടത്തോളം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമറിയില്ല. നിസ്സഹായതയും ഗതികേടുകളുമാണ്, നഴ്‌സുമാരെയും അവരുടെ വീട്ടുകാരെയും അടയാളപ്പെടുത്താനൊരുങ്ങുമ്പോള്‍, കേരളം അവര്‍ക്കായി മാറ്റി വയ്ക്കുന്ന രണ്ടു വികാരയിടങ്ങള്‍..
ആ വികാരങ്ങള്‍ തന്നെയാണ് ടേക്ക് ഓഫിന്റെ കേന്ദ്രബിന്ദു. ഇറാഖ് യുദ്ധകാലത്ത് ഐഎസ് ഭീകരുടെ പിടിയിലായ മൊസൂളില്‍ പെട്ടുപോകുന്ന സമീറ ആയാലും ഷാഹിദ് ആയാലും ബാക്കി ഫീമെയ്ല്‍ നഴ്‌സുമാരായാലും അവരോരുത്തരും നമ്മുടെ തൊട്ടപ്പുറത്തെ വീട്ടിലെ ഏതോ നഴ്‌സുമാരാണ്. എന്തെല്ലാം ചെയ്തിട്ടും അവരുടെയോ മറ്റാരുടെയുമോ കൈപ്പിടിയിലൊതുങ്ങാത്ത സങ്കടങ്ങളുടെ ബാക്കിപത്രങ്ങളാണ് ഇവരെല്ലാംതന്നെ... ഇറാഖില്‍ യുദ്ധകാലത്ത് പെട്ടുപോയവരുടെ സങ്കടങ്ങളേക്കാള്‍ ഒരു നഴ്‌സ് എന്താണ്, അവരെ ധനസമ്പാദനത്തിനുള്ള ഒരു ഉറവിടമായി വീട്ടുകാരും ബന്ധുക്കളും ഭര്‍ത്താവും എല്ലാം കാണുമ്പോള്‍ അവരനുഭവിക്കുന്ന വാക്കില്ലാത്ത ആഴസങ്കടങ്ങളെന്താണ് എന്നു പറഞ്ഞുവയ്ക്കുന്നിടത്താണ് ഈ സിനിമ വിജയിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/03/take-off-2017.jpg)
വീട്ടുകാരുടെ കൈയിലെ പാവയായി കഴിയുന്ന ഫൈസലിന്റെ (ആസിഫ് അലി) സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും സമീറ (പാര്‍വ്വതി)ക്ക് അവളുടെ അച്ഛന്റെ (അലന്‍സിയര്‍) വാക്കില്ലാത്ത നിസ്സഹായതകളെ കണ്ടില്ലെന്നു നടിക്കാനുള്ള മനസ്സില്ലായ്മയും കാരണമാണ് അവര്‍ രണ്ടാളും വിവാഹ മോചനത്തിലെത്തുന്നത്. അല്ലാതെ ഇഷ്ടമില്ലായ്മ കൊണ്ടല്ല. കുഞ്ഞിനെ ഫൈസലിനു കൊടുത്ത് വീണ്ടും നാട്ടിലെ നഴ്‌സു പണിയുമായി, താന്‍ ജനിച്ച വീടിനകത്തെ ജീവിതമപ്പാടെ ചോരുന്ന പരിസരങ്ങളിലേക്ക് സമീറ അവളെ പറിച്ചു നടുമ്പോള്‍, അവളെ ഇഷ്ടപ്പെട്ടു കൊണ്ട് ഷാഹിദ് (കുഞ്ചാക്കോ ബോബന്‍) എന്ന മെയില്‍ നഴ്‌സ് കടന്നു വരുന്നു.
Read More: നായികാ പ്രാധാന്യമുളള സിനിമകൾ ഏറ്റെടുത്തത് റിസ്‌ക് നോക്കിയല്ല: കുഞ്ചാക്കോ ബോബൻ
ദേഷ്യവും അകലവും മാത്രം അയാളോട് കാണിച്ച് വെട്ടുകിളിയെപ്പോലെ നടക്കുകയാണ് സമീറ. തനിച്ച് ഇറാഖിലേക്കു ജോലിക്കായി പറക്കാനുള്ള അവളുടെ എല്ലാ സാധ്യതകളും ബന്ധുക്കള്‍ അവരുടെ സാമ്പത്തികഭദ്രതയില്‍ മാത്രം കണ്ണുറപ്പിച്ച് ഞെരിച്ചുപൊടിച്ചുകളയുമ്പോള്‍, സര്‍വ്വതും മറക്കാനും നാലുകാശുണ്ടാക്കാനും ഇറാഖിലേക്ക് പോയേ പറ്റൂ എന്ന വാശിപ്പുറത്ത് ചെന്നെത്തുന്നു സമീറ. ആ നേരത്താണവള്‍ ഷാഹീദിനൊപ്പം ജീവിതം ചേര്‍ത്തു വയ്ക്കാന്‍ തീരുമാനിക്കുന്നത്. തന്നെ തോല്‍പ്പിക്കാന്‍ നില്‍ക്കുന്നവരെ തോല്‍പ്പിക്കാനാണ് അവളാ സ്‌നേഹം സ്വീകരിക്കുന്നത് എങ്കിലും ഉള്ളിലടക്കിയ ഇഷ്ടം ഷാഹീദിനോടെത്രയായിരുന്നു എന്നവള്‍ പിന്നെപ്പിന്നെ അറിയുന്നു.
പിന്നെ ഇറാഖ് ... പ്രഖ്യാപിത യുദ്ധങ്ങളില്ലാതിരുന്നിട്ടും ചോരമയമായ, അംഗവൈകല്യം ബാധിച്ച, അവര്‍ കണ്ട സ്വപ്‌നങ്ങളില്‍ നിന്നു തീര്‍ത്തും വിഭിന്നമായ ഇറാഖിനെ അവര്‍ രണ്ടാളും സ്‌നേഹപൂര്‍വ്വം പരിചരിക്കുകയും എവിടുന്നൊക്കെയോ അവര്‍ക്ക് സ്‌നേഹം കിട്ടുകയും ചെയ്യുന്നു. പിന്നെ ഏതാണ്ടൊപ്പത്തിനൊപ്പം ഇറാഖിലേക്ക്, യുദ്ധവും സമീറയുടെ ആദ്യ വിവാഹത്തിലെ ഏതാണ്ട് എട്ടോ എമ്പതോ വയസ്സുള്ള മകനും അവളുടെ രണ്ടാമത്തെ കുഞ്ഞിന്റെ മുളയും എത്തുകയാണ്. പിന്നെ യുദ്ധബാക്കിയായി അപ്രതീക്ഷിതമായി കാണാതെയാവുന്നു ഷാഹിദിനെ.
/indian-express-malayalam/media/media_files/uploads/2017/03/take-off-location.jpg)
പത്തൊമ്പതു മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ അംബാസഡറും (ഫഹദ്) വിദേശകാര്യമന്ത്രലയവും നടത്തുന്ന ശ്രമങ്ങള്‍. കുറേ മുള്‍മുനകളും നയതന്ത്രമിടുക്കുകളും ഷെല്ലാക്രമണങ്ങളും അതിനൊടുവില്‍ പത്തൊമ്പതു മലയാളി നഴ്‌സ് ജീവനുകളെ കാത്തുനില്‍ക്കുന്ന ഇന്ത്യന്‍ പതാകയുടെ പാറിപ്പറക്കലും നിറഞ്ഞ രണ്ടാം പകുതി. നിര്‍ബന്ധമായിട്ട് എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ദേശീയഗാനം പാടാന്‍ പറയുന്ന നിയമങ്ങള്‍ക്കപ്പുറം ആ ദേശീയ പതാക, ആരും പറയാതെ ജനഗണമന എണീറ്റുനിന്നു പാടാന്‍ പ്രേരിപ്പിക്കുന്ന ഒന്നായിത്തോന്നി.
എഡിറ്ററെയും സംവിധായകനെയും സിനിമാറ്റോഗ്രാഫറെയും പിന്നിലാക്കി ചടുലവേഗത്തില്‍ സിനിമയുടെ ഓരോ ഫ്രെയിമിലും മുദ്രകുത്തി നില്‍ക്കുന്ന ഒരാളുണ്ട്. അത് പാര്‍വ്വതിയാണ്. ചാര്‍ളിയിലെ പാര്‍വ്വതി എവിടെപ്പോയി, കാഞ്ചനമാലയിലെ പാര്‍വ്വതി എവിടെപ്പോയി എന്നു വർണ്യത്തിലാശങ്ക തോന്നും ഈ പാര്‍വ്വതിയെ കാണുമ്പോള്‍. കഹാനിയിലെ വിദ്യാ ബാലനോ ടേക്ക് ഓഫിലെ സമീറയോ ഒറ്റയാള്‍പ്പോരാട്ടത്തില്‍ മികവു പുലര്‍ത്തുന്നത് എന്ന് ഇടക്ക് സംശയം വന്നു. ഇതു പാര്‍വ്വതി എന്ന പെണ്ണിന്റെ സിനിമയാണ്.
Read More: സിനിമയെ ആരും ജെൻഡർ വച്ച് കാണരുത്: പാർവതി
മറ്റാളുകളോടുള്ള കരുതലാണ് അവളുടെ തന്റേടമായി മാറുന്നത് എന്ന വായനയില്‍ സമീറയിലെ പെണ്ണു പൂക്കുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ നിന്ന് ഫഹദ്, ഓർമയില്‍ സൂക്ഷിക്കാവുന്ന മറ്റൊരു മലയാളച്ചുവടു വയ്ക്കുന്നു ടേക്ക് ഓഫില്‍. പക്ഷേ ഇതുവരെ ചെയ്തതില്‍ നിന്നു വേറിട്ട യാതൊന്നും ടേക്ക് ഓഫ് ഫഹദിനു കൊടുക്കുന്നില്ല. കുഞ്ചാക്കോ ബോബനും സ്‌നേഹത്തിന്റെ ആഴം ഭദ്രമാക്കി. പക്ഷേ വളരെ ചെറിയ റോളാണെങ്കിലും നോവിക്കുന്ന ഒരു സാന്നിദ്ധ്യമാകുന്നത് സമീറയുടെ ആദ്യഭര്‍ത്താവായി വരുന്ന ആസിഫ് അലിയാണ്.
എന്തു ചെയ്യണമെന്നറിയാത്ത ഒരു വല്ലാത്ത ഗതികേടും ആര്‍ക്കൊക്കെയോ വേണ്ടിയുള്ള അനാവശ്യമായ പൊരുത്തപ്പെടലുകളും തെറ്റുകള്‍ തിരിച്ചറിഞ്ഞുവരുമ്പോഴേക്ക് ആത്മാവിലെ
സിംഹാസനങ്ങള്‍ ആര്‍ക്കും വേണ്ടാതായിട്ടുണ്ടാകും എന്ന തിരിച്ചറിവിലെ തോല്‍വിയും തന്നെയാണ് എല്ലാക്കാലത്തും പ്രണയം എന്ന് നിശബ്ദമായി പറഞ്ഞുവയ്ക്കുന്ന ആസിഫ്, സിനിമ കഴിയുമ്പോള്‍ നമ്മുടെ കൂടെപ്പോരും.
മകന്‍ (ഷാഹിദ് ) ഒരു വിവാഹമോചിതയെ കല്യാണം കഴിക്കുന്നതിനെതിരെ ഒച്ചയില്ലാതെ എതിര്‍പ്പു പ്രകടിപ്പിക്കുന്ന വളരെ സാധാരണമായ ഒരമ്മഭാവത്തില്‍ത്തുടങ്ങി ക്രമേണ അലിവാകുകയും പിന്നെ ചെറുതായി അധികാരം ധ്വനിക്കുന്ന ഇടപെടലുകളായി മാറുകയും ചെയ്യുന്നതിന്റെ സ്വാഭാവികത സെക്കോളജിസ്റ്റും ആക്ടിവിസ്റ്റുമായ പാര്‍വ്വതി ചമയങ്ങളില്ലാത്ത കണ്ണുകള്‍ കൊണ്ടഭിനയിച്ചു സുന്ദരമാക്കിയതും മനസ്സില്‍ത്തങ്ങും.
അലന്‍സിയര്‍, സമീറയുടെ അച്ഛനായി മൗനം കൊണ്ടു തിളങ്ങി. നീളന്‍ കണ്ണുകൊണ്ട് മാത്രം അഭിനയിച്ച, സമീറയുടെ ഇബ്രു എന്ന മകനും മികച്ചതായി. വിവാഹമോചനം, പുനര്‍വിവാഹം, ആദ്യത്തെ വിവാഹത്തിലെ കുട്ടി, അവന് അമ്മയുടെ രണ്ടാംവിവാഹത്തോടെ ഉണ്ടാവുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവയും ഈ സിനിമയെ, ഒരു സാധാരണ സ്ത്രീജീവിതത്തിന്റെ പറയാതെ പോവുന്ന നോവുകളുടെ ചിത്രമാക്കുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2017/03/takeoff-1.jpg)
നഴ്‌സുമാരെ മോചിപ്പിക്കുന്നതിനുള്ള നടപടികളിലെ അതിസങ്കീര്‍ണ്ണത കാരണം ഇടക്കൊക്കെ സിനിമയുടെ ഒതുക്കം നഷ്ടപ്പെട്ടുപോവുന്നുണ്ട് എന്നതൊരു സത്യമാണ്. ബാക്ഗ്രാണ്ട് സ്കോർ ഗോപീ സുന്ദറും സംഗീതം ഷാന്‍ റഹ്മാനും, അഭിലാഷ് ബാലചന്ദ്രനും മഹേഷ് നാരായണനും എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു ടേക്ക് ഓഫില്‍. ദേവീ അജിത്, ജോസ് പ്രകാശ്, സിത്ഥാര്‍ത്ഥ് ശിവ എന്നിവരുമുണ്ട് സിനിമയില്‍. ധന്യ ബാലകൃഷ്ണണന്‍ ചെയ്ത കോസ്റ്റ്യൂം ഡിസൈനിങ്ങും സിനിമയെ ഏറെ സഹായിച്ചിട്ടുണ്ട്.
സംഭാഷണവും തിരക്കഥയും അതിവൈകാരികതയിലേക്കു കൂപ്പുകുത്താതെ, മലയാളമണ്ണിലുറച്ചു നിന്നു കൈകാര്യം ചെയ്ത ചെറുകഥാകൃത്ത് പി.വി.ഷാജി കുമാറും മഹേഷ്‌നാരായണനും സിനിമയെ ഭൂമിയിലേക്കു കൊണ്ടു വരുമെന്ന പ്രതീക്ഷയിലൂടെ പ്രേക്ഷകനു തരുന്ന ആശ്വാസം ചെറുതല്ല. 'ഇനി കേരളം കാണില്ല' എന്നു തീര്‍ച്ചയാവുന്ന മുഹൂര്‍ത്തത്തില്‍, പത്തൊമ്പതു പെണ്ണുങ്ങള്‍ ഓരോന്ന് എണ്ണിപ്പറഞ്ഞു ചിരിപ്പിച്ചു കരയിപ്പിക്കുന്നതടക്കം സാധാരണക്കാരന്റെ ജീവിതം, അവരുടെ തൊട്ടടുത്തുനിന്നു ശ്രദ്ധിച്ചതിന്റെ അനുരണനങ്ങള്‍ ഈ കഥയില്‍ ഒരുപാടിടത്തുകാണാം .
രാജേഷ് പിള്ള മൂവിസിന്റെ ബാനറില്‍ ഒരുങ്ങിയ ഈ ചിത്രം നല്ല സിനിമ കൊത്തിപ്പണിയാന്‍ മോഹിച്ച് കടന്നുപോയ രാജേഷ് പിള്ളയ്ക്ക് അര്‍ഹമായ ഒരു ശ്രാദ്ധാചരണം കൂടിയാവുന്നു. വീണ്ടും മനുഷ്യത്വം സീനിമാ തിയേറ്ററിലും സിനിമാപ്രവര്‍ത്തകരിലും ഒരു പതാക ഉയര്‍ത്തുന്നു. ഇത് മലയാളസിനിമയിലെ ഒരൊറ്റപ്പെട്ട 'ടേക്ക് ഓഫ്' ആവില്ല എന്ന് ആശിക്കാവുന്നതാണ്.
- കല്യാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us