മലയാള സിനിമ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് ടേക്ക് ഓഫ് എന്ന ചിത്രം. റിലീസ് ചെയ്യുന്നതിന് മുൻപ് കേട്ടറിഞ്ഞതിനേക്കാൾ മുകളിലാണ് ടേക്ക് ഓഫ് എന്ന് കണ്ടവരെല്ലാം നിസംശയം പറയും. കഥയും കഥാപാത്രങ്ങളും കഥ പറച്ചിലുമെല്ലാം ടേക്ക് ഓഫിനെ മലയാളത്തിലെ അഭിമാന സിനിമകളിൽ ഒന്നാക്കുന്നു.

ഹിറ്റ് ലിസ്റ്റിലേക്ക് കുതിക്കുന്ന ടേക്ക് ഓഫ് മാസങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. എഡിറ്ററായി സിനിമയിൽ വർഷങ്ങളുടെ പരിചയമുളള മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം മലയാള സിനിമയ്‌ക്ക് തന്നെ പുത്തൻ പ്രതീക്ഷകളുടെ ടേക്ക് ഓഫാണ് നൽകിയിരിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രം അന്തരിച്ച സംവിധായകൻ രാജേഷ് പിളളയ്‌ക്കുളള സ്‌മരണയായാണ് ചെയ്‌തത്.

കഥ കുറേ നാളുകളായി മനസ്സിലുണ്ടായിരുന്നെന്നും സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഈ കഥ അതിനായി തിരഞ്ഞെടുക്കുകയുമായിരുന്നെന്ന് മഹേഷ് നാരായണൻ പറഞ്ഞു. പല പേരുകളും ചിത്രത്തിനായി ആലോചിച്ചിരുന്നു. അവസാനം ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കുഞ്ചാക്കോ ബോബന്റെ അമ്മയായി ചിത്രത്തിൽ അഭിനയിക്കുന്ന നടി പാർവതിയാണ് ഈ പേര് നിർദേശിച്ചത്. പിന്നീട് നിർമാതാവ് ആന്റോ ജോസഫ് ഒരു പരിപാടിക്കിടെ മമ്മൂട്ടിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂട്ടിയാണ് ഈ പേര് തന്നെ മതിയെന്ന് ആന്റോ ജോസഫിനോട് പറഞ്ഞത്.

ടേക്ക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണൻ, തിരക്കഥാകൃത്ത് പി.വി. ഷാജി കുമാർ

ചിത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും അഭിനേതാക്കളായ പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയവർക്കും നിർമാതാക്കൾക്കും സിനിമയിൽ സഹകരിച്ച എല്ലാവർക്കുമുളളതാണെന്ന് മഹേഷ് നാരായണൻ പറയുന്നു. എഡിറ്റർ എന്ന നിലയിൽ ഉണ്ടായിരുന്ന പരിചയം സംവിധാനത്തിൽ സഹായകമായി. ഏതെല്ലാം സീനുകൾ വേണം, എങ്ങനെയെല്ലാം വേണമെന്നെല്ലാം ധാരണയുണ്ടായത് ആ അനുഭവ സമ്പത്ത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Read More: സിനിമയെ ആരും ജെൻഡർ വച്ച് കാണരുത്: പാർവതി

ഇറാഖിൽ അന്ന് അകപ്പെട്ടുപോയ നഴ്‌സുമാരിൽ ഒരാളായ മെറിനോട് തിരക്കഥ എഴുതുന്നതിനു മുൻപായി സംസാരിച്ചിരുന്നെന്ന് തിരക്കഥാകൃത്ത് പിവി.ഷാജി കുമാർ പറഞ്ഞു. ചിത്രത്തിനായി പക്ഷേ അതിൽ ചില കാര്യങ്ങളെടുത്തിട്ടുണ്ടെങ്കിലും മുഴുവനും മെറിന്റെ കഥയല്ലെന്നും ഷാജി കുമാർ പറയുന്നു. ഇത്രയും വലിയ കാൻവാസിൽ യുദ്ധവും ഭീകരതയുമെല്ലാം സ്ക്രീനിലേക്ക് പകർത്താൻ കുറച്ച് വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ൽ നടന്ന യഥാർഥ സംഭവത്തെ ആസ്‌പദമാക്കി പലതും ചിത്രത്തിനായി റഫർ ചെയ്‌തിരുന്നെന്നും വലിയ അധ്വാനം അതിനു പിന്നിലുണ്ടായിരുന്നെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മലയാളികൾക്ക് പരിചിതമല്ലാത്ത സ്ഥലവും കഥാ പശ്ചാത്തലവും പകർത്തുന്നതും വെല്ലുവിളിയായിരുന്നു. റാസൽ ഖൈമ, ഹൈദരാബാദ്, കൊച്ചി എന്നിവടങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. ചിത്രീകരണം തുടങ്ങുന്നതിനു മുൻപ് ഇറാഖ് അടക്കമുളള സ്ഥലങ്ങൾ അണിയറ പ്രവർത്തകർ സന്ദർശിച്ചിരുന്നു.

take off, ടേക്ക് ഓഫ്, mahesh narayanan, pv shaji kumar

സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബന്റെ അമ്മ ഐഷ ടീച്ചറായി എത്തിയ പാർവതി. കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നുളളൂ എങ്കിൽ കൂടി അത് വളരെയേറെ സന്തോഷിപ്പിച്ച ഒന്നാണെന്ന് പാർവതി പറയുന്നു. കുറച്ച് യാഥാസ്ഥിതിക മനോഭാവമുളള ഐഷ ടീച്ചറെ മികച്ചതാക്കാൻ സഹായിച്ചത് സംവിധായകനാണെന്നും ഓരോ കഥാപാത്രവും എത്ര സംസാരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും മഹേഷിന് കൃത്യമായി അറിയാം എന്നതായിരുന്നു ചിത്രത്തിന്റെ മികച്ച ഗുണങ്ങളിലൊന്നെന്നും പാർവതി പറഞ്ഞു.

സമീറയായി പാർവതി അസാമാന്യ പ്രകടനമാണ് നടത്തിയതെന്നും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുളള ചിത്രങ്ങൾ കൂടുതൽ മലയാളത്തിൽ ഉണ്ടാകുന്നത് നല്ല മാറ്റമാണെന്നും പാർവതി ഐഇ മലയാളത്തോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook