മഹേഷ് നാരായണൻ ഒരുക്കിയ ടേക്ക് ഓഫ് മികച്ച സിനിമയെന്ന് തമിഴ് നടൻ സൂര്യ. തന്റെ ട്വിറ്റർ പേജിലൂടെയാണ് ടേക്ക് ഓഫ് സിനിമയെ പുകഴ്‌ത്തി സൂര്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. മഹേഷ് നാരായണനൊപ്പമുളള ചിത്രവും സൂര്യ പങ്ക് വച്ചിട്ടുണ്ട്.

ടേക്ക് ഓഫ് സിനിമ കണ്ടുവെന്നും എല്ലായിടത്തും ചിത്രം മികവ് പുലർത്തിയെന്നും സൂര്യ ട്വിറ്ററിൽ കുറിച്ചു. സംവിധായകൻ മഹേഷ് നാരായണനെയും പാർവതിയെയും ഫഹദിനെയും പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ട് തമിഴകത്തിന്റെ പ്രിയ നായകൻ. ഇതിന് മുൻപ് പല മലയാള താരങ്ങളും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് ടേക്ക് ഓഫ്. കുടുംബത്തിനു വേണ്ടി കടുത്ത പ്രതിസന്ധികൾക്കിടയിലും പതറാതെ വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബൻ, പാർവതി, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നഴ്‌സായാണ് കുഞ്ചാക്കോ ബോബനും പാർവതിയും ചിത്രത്തിലെത്തുന്നത്. ഇന്ത്യൻ അംബാസിഡറുടെ വേഷമാണ് ഫഹദ് ഫാസിലിന്റേത്.

പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണൻ ആദ്യ സംവിധാന സംരംഭം കൂടിയാണ് ടേക്ക് ഓഫ്. മലയാള സിനിമയിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ച് അതിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പേരിലുളള രാജേഷ് പിളള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ടേക്ക് ഓഫ് നിർമ്മിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook