മലയാളത്തിന്റെ കൈയ്യടി ഏറെ വാങ്ങിയ ചിത്രങ്ങളാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫും എസ്.എസ് രാജമൗലിയുടെ ബാഹുബലിയും. രണ്ടു ചിത്രങ്ങള്‍ക്കും പുതിയൊരു പൊന്‍ തിളക്കം കൂടി. ഇവ രണ്ടും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്കാണ് ടേക്ക് ഓഫ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മുഖ്യധാരാ ചിത്രങ്ങളില്‍ ഒന്നാണ് ബാഹുബലി. സുഭാഷ് കപൂര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ജോളി എല്‍എല്‍ബി 2, രാജേഷ് മപുസ്‌കറിന്റെ മറാത്തി ചിത്രം വെന്റിലേറ്റര്‍, രാഹുല്‍ ബോസിന്റെ ഹിന്ദി ചിത്രം പൂര്‍ണ, അനിക് ദത്തയുടെ ബെംഗാളി ചിത്രം മേഘ്‌നാദ് ബോധ് രഹസ്യ എന്നിവയാണ് മറ്റു മുഖ്യധാരാ ചിത്രങ്ങള്‍.

കൂടാതെ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് രണ്ടു മലയാളം ചിത്രങ്ങളും ഒരു മലയാളി സംവിധായകന്റെ ഹിന്ദി ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ ജീവിതം ആസ്പദമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത 8 1/2 ഇന്റര്‍കട്ട്‌സ്-ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്, കുഞ്ഞില എന്ന അഖില ഹെന്‍ട്രി സംവിധാനം ചെയ്ത ജി എന്ന മലയാളം നോണ്‍ ഫീച്ചര്‍ സിനിമകളും, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ നിതിന്‍ ആര്‍ സംവിധാനം ചെയ്ത നേം/പ്ലേസ്/ആനിമല്‍/തിംങ് എന്ന ഹിന്ദി ചിത്രവുമാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ സിനിമകള്‍. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ അതിർത്തികളിൽ ജീവിക്കുന്ന ഗോത്രസമൂഹത്തെക്കുറിച്ചാണ് നിതിന്റെ ചിത്രം സംസാരിക്കുന്നത്.

ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും, എന്നാൽ സന്തോഷിക്കാനുള്ള സമയമില്ല, താൻ പഠനത്തിന്റെയും പ്രൊജക്ടിന്റെയും തിരക്കിലാണെന്നും നിതിൻ ഇന്ത്യൻ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 16 ചിത്രങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിനോദ് കാപ്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘പിഹു’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം.

ഇന്ത്യൻ പനോരമ ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്ക് ഇത്തവണ ഒമ്പത് മറാത്തി ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഓരോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി നാലു സിനിമകള്‍ മാത്രമാണ് മേളയിലേക്ക് പോകുന്നത്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ നിന്നായി ഓരോ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൊങ്കിണി വിഭാഗത്തില്‍ നിന്നും ഇത്തവണ ഒരു ചിത്രം മേളയിലേക്കുണ്ട്. കഴിഞ്ഞവർഷം 64ാമത് ദേശീയ പുരസ്കാരത്തിന് അർഹമായ ഫീച്ചർ ചിത്രം ‘കാസവി’ന് ഇന്ത്യൻ പനോരമയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.

സംവിധായകന്‍ സുജോയ് ഘോഷ് ചെയര്‍മാനായ 12 അംഗ ജൂറിയാണ് ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നോണ്‍ ഫീച്ചര്‍ സിനിമകളുടെ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത് സംവിധായകന്‍ സുധീര്‍ മിശ്ര ചെയര്‍മാനായ ആറംഗ ജൂറിയാണ്. മലയാളികളായ ഷൈനി ജേക്കബ് ബെഞ്ചമിന്‍, കെ.ജി സുരേഷ് എന്നിവരും ജൂറിയില്‍ ഉണ്ട്.

48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെയായിരിക്കും നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ