ബോളിവുഡ് താരങ്ങളായ മാതാപിതാക്കളെക്കാളും വലിയ സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ എന്നിവരുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ച സമയം മുതലുള്ള നാല് വര്‍ഷങ്ങളില്‍ പാപ്പരാസിയുടെ പ്രിയപ്പെട്ടവനാണ് കുഞ്ഞു തൈമൂര്‍. തൈമൂറിന്റെ വിശേഷങ്ങൾ അറിയാൻ​ എന്നും ആരാധകർക്ക് കൗതുകമാണ്.

‘ഭൂത് പൊലീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ധർമ്മശാലയിൽ എത്തിയ സെയ്ഫിനൊപ്പം കരീനയും തൈമൂറും ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി സെയ്ഫും കുടുംബവും ധർമ്മശാലയിൽ നിന്നും മടങ്ങിയെങ്കിലും ധർമ്മശാല യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ‘പാചകപരീക്ഷണ’ങ്ങളിൽ ഏർപ്പെടുന്ന തൈമൂറിന്റെ ചിത്രം കരീന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഷെഫ് തൈമൂർ എന്നാണ് ചിത്രത്തിന് കരീന ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

തന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന പാപ്പരാസികളോട് നോ എന്നു പറയുന്ന തൈമൂറിന്റെ വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ‘നോ ഫോട്ടോ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ധരംശാലയിലെ വഴികളിലൂടെ അച്ഛന്റെ കൈപിടിച്ച് നടക്കുന്ന തൈമൂറിനെയാണ് വീഡിയോയിൽ കാണുക. അമ്മ കരീന കപൂര്‍, കുടുംബസുഹൃത്തും ബോളിവുഡ് താരവുമായ അര്‍ജ്ജുന്‍ കപൂര്‍, മലൈക അറോറ എന്നിവരും ഒപ്പമുണ്ട്.

 

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് കരീന കപൂറും സെയ്ഫ് അലിഖാനും. കരീന ഗർഭിണിയാണെന്ന കാര്യം ഇരുവരും ചേർന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. “ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” ഇരുവരും പറയുന്നു.

ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. 2016 ഡിസംബറിൽ 20നാണ് മകൻ തൈമൂറിന്റെ ജനനം.

ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഹിന്ദി റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’യാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം. ചിത്രത്തിൽ ആമിർ ഖാനാണ് നായകൻ. ചിത്രത്തിലെ കരീനയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

2020 ഡിസംബറിൽ റിലീസ് തീരുമാനിച്ച ചിത്രം, കോവിഡിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടിവെച്ചിരിക്കുകയാണ് ഇപ്പോൾ.

Read more: ഇനി തൈമൂറിനെ രക്ഷപ്പെടുത്താൻ കോഹ്‌ലിക്കും അനുഷ്കയ്‌ക്കും മാത്രമേ കഴിയൂ: കരീന കപൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook