പട്ടൗഡി കുടുംബത്തിലെ ‘ഇളംതലമുറക്കാരൻ’ തൈമൂര് അലി ഖാന് ജനിച്ച അന്നു മുതൽ താരമാണ്. സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്.
കുട്ടിക്കുറുമ്പനായ ഈ ഒന്നരവയസ്സുകാരൻ ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട സ്റ്റാർ ചൈൽഡാണ്. പാർട്ടികളിലെല്ലാം ഈ സ്റ്റാർ ചൈൽഡിനു ചുറ്റുമാണ് താരങ്ങൾ. തൈമൂറിന്റെ ഒന്നാം പിറന്നാളിന് മുംബൈയിലെ സൊനാവില് ഒരു ഫോറസ്റ്റ് തന്നെ തൈമൂറിന് പിറന്നാൾ സമ്മാനമായി ലഭിച്ചിരുന്നു. കരീനയുടെ ന്യൂട്രിഷനിസ്റ്റിന്റെ വകയായിരുന്നു ഈ ‘വിചിത്രമായ’ സമ്മാനം.
മാധ്യമങ്ങളുടെ കണ്ണുകളിൽ നിന്നെല്ലാം അകന്ന് പട്ടൗഡി കുടുംബം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇന്ന് കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന വാർത്ത. സെയ്ഫ് അലിഖാൻ, കരീന കപൂർ, തൈമൂർ, സെയ്ഫിന്റെ സഹോദരി സോഹ അലിഖാൻ, ഭർത്താവ് കുനാൽ കെമു, മകൾ ഇനായ എന്നിവരാണ് മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. സോഹയും കുനാലുമാണ് പട്ടൗഡി കുടുംബത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോൾ തൈമൂർ മാത്രം മറ്റെന്തോ ചിന്തയിലാണ്!
ഇനായയുമുണ്ട് ചിത്രങ്ങളിൽ. തൈമൂറിനൊപ്പം തന്നെ പാപ്പരാസികളുടെ ക്യാമറകളിൽ പ്രശസ്തയായ കുഞ്ഞാണ് ഇനായ നൗമി കെമ്മുവും. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഏറെ കൗതുകത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. “ഇനായ പാവമാണ്, എന്നാൽ തൈമൂർ അൽപ്പം ചട്ടമ്പിയാണ്. തരംകിട്ടിയാൽ അവൻ ഇനായയുടെ മുടി പിടിച്ചു വലിക്കാൻ ശ്രമിക്കും. അവരൊന്നിച്ചു കളിക്കുമ്പോഴൊക്കെ അതാണ് ഞങ്ങളുടെ പേടി,”തൈമൂറിന്റെ വികൃതിയെ കുറിച്ച് സെയ്ഫ് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.