ബി ടൗണിന്റെ കപൂര്‍ കുടുംബം ക്രിസ്മസ് ആഘോഷിച്ചപ്പോള്‍ താരമായത് കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകന് തൈമുര്‍ അലിഖാന് പട്ടൗഡിയായിരുന്നു. കരീനയും സെയ്ഫും തങ്ങളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കു വേണ്ടി നടത്തിയ ക്രിസ്മസ് പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്.
നാലു പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കിവാഴുന്ന കപൂര്‍ കുടുംബത്തിലെ റണ്‍ബീര്‍ കപൂറിനു ശേഷമുള്ള അടുത്ത താരമാണ് തൈമുര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
2012 ലാണ് സെയ്ഫ്-കരീന വിവാഹം നടന്നത്. 2016 ഡിസംബര്‍ 20ന് ജനിച്ചുവീണ അന്നുമുതല്‍ മാധ്യമങ്ങളുടെയും ആരാധകരുടേയും പ്രിയതാരമാണ് തൈമുര്‍. നീലക്കണ്ണുകളുള്ള കുഞ്ഞു താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. തൈമുര്‍ എന്ന പേരും ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റെല്ലാ സെലിബ്രിറ്റികളുടെ മക്കളെക്കാളും ഏറെ ശ്രദ്ധ നേടിയ കുഞ്ഞു താരം തൈമുര്‍ തന്നെയാണെന്നതില്‍ സംശയമില്ല.
കപൂർ കുടുംബത്തിലെ പ്രധാനിയും ബോളിവുഡിന്റെ പഴയകാല പ്രണയ നായകനുമായ ശശി കപൂർ ഈ മാസമാണ് അന്തരിച്ചത്. പ്രശസ്ത നടന് പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നല്കി. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകന്‍.