സ്വിറ്റ്‌സര്‍ലൻഡിലെ അവധിക്കാലം കഴിഞ്ഞ് കരീന കപൂറും ഒരുവയസുകാരന്‍ തൈമുര്‍ അലി ഖാനും തിരിച്ചെത്തി. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് എപ്പോഴത്തേയും പോലെ പാപ്പരാസികളുടെ മുഴുവന്‍ ശ്രദ്ധയും ഈ അമ്മയുടേയും മകന്റേയും പുറകേയായിരുന്നു. അമ്മയുടെ കൈയ്യില്‍ പതുങ്ങിയിരിക്കുന്ന തൈമുറിനെ കണ്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല.
പുതുവര്‍ഷം ആഘോഷിക്കാനാണ് തൈമുര്‍ സ്വിറ്റ്‌സര്‍ലൻഡില്‍ പോയത്. കപൂര്‍ കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്നും വാര്‍ത്തയിലെ താരം തൈമുര്‍ തന്നെയായിരുന്നു.
2012 ലാണ് സെയ്ഫ്-കരീന വിവാഹം നടന്നത്. 2016 ഡിസംബര്‍ 20ന് ജനിച്ചുവീണ അന്നുമുതല്‍ മാധ്യമങ്ങളുടെയും ആരാധകരുടേയും പ്രിയതാരമാണ് തൈമുര്‍. നീലക്കണ്ണുകളുള്ള കുഞ്ഞു താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. തൈമുര്‍ എന്ന പേരും ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റെല്ലാ സെലിബ്രിറ്റികളുടെ മക്കളെക്കാളും ഏറെ ശ്രദ്ധ നേടിയ കുഞ്ഞു താരം തൈമുര്‍ തന്നെയാണെന്നതില്‍ സംശയമില്ല.