പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനും ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകനുമായ തൈമൂര് അലി ഖാന് ജനിച്ച അന്നു മുതൽ വാർത്തകളിലെ താരമാണ്. ഇപ്പോഴിതാ തൈമൂറിന്റെ രൂപസാദൃശ്യമുള്ള ഒരു പാവയാണ് സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നത്. തൈമൂർ പാവ എന്നു പേരിട്ടിരിക്കുന്ന പാവയ്ക്ക്, പട്ടൗഡി കുടുംബത്തിലെ ഇളം രാജകുമാരനുമായി നല്ല സാമ്യമുണ്ടുതാനും.
നിർമ്മാതാവായ അശ്വിനി യാർദ്ദിയാണ് കേരളത്തിലെ ഒരു ടോയ് ഷോപ്പിൽ കണ്ട തൈമൂർ പാവയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. നീല കണ്ണുള്ള പട്ടൗഡി കുടുംബത്തിലെ ഇളം തലമുറക്കാരൻ ഒരു കുർത്തയും പൈജാമയും ധരിച്ച് മുകളിൽ നെഹ്റു ജാക്കറ്റും ധരിച്ചു നിൽക്കുന്നതുപോലെയാണ് പാവയുടെ രൂപം. ചുരുണ്ട, ഇടതൂർന്ന ബ്രൗൺ നിറത്തിലുള്ള മുടിയും മുഖഭാവവുമൊക്കെയായി തൈമൂറുമായി പാവയ്ക്കുള്ള സാമ്യം കൗതുകമുണർത്തും.
Meanwhile at a toy store in Kerala… pic.twitter.com/J2Bl9UnPdT
— Ashvini Yardi (@AshviniYardi) November 19, 2018
അധികം വൈകാതെ താരങ്ങളുടെ ആരാധകരും തൈമൂർ ഫാൻസും കൂടി ചിത്രം ഏറ്റെടുക്കുകയും ചിത്രം വൈറലാകുകയും ചെയ്തു. തൈമൂറിന്റെ പ്രശസ്തി ആളുകൾക്ക് സഹായകരമായി മാറുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നാണ് തൈമൂർ പാവയുടെ ചിത്രം കണ്ണിൽപ്പെട്ട സെയ്ഫ് അലി ഖാൻ പ്രതികരിച്ചത്.
” ഞാൻ അവന്റെ പേര് ട്രേഡ്മാർക്ക് ചെയ്യേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് അവർക്ക് ഒരു പാവ അയക്കാമായിരുന്നു. അവൻ മറ്റുള്ളവർക്ക് ഗുണകരമായി മാറുന്നതിൽ സന്തോഷമുണ്ട്. അതിനു പകരമെന്നോണം, അവന്റെ സുരക്ഷയ്ക്കും സന്തോഷവും ഉറപ്പു വരുത്തണമേ എന്നു മാത്രമാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്,” ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ സെയ്ഫ് അലിഖാൻ പ്രതികരിച്ചത് ഇങ്ങനെ.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്കൊപ്പമാണ് തൈമൂറിന്റെ ചിത്രങ്ങളുടെയും സ്ഥാനം. അടുത്തിടെ മകൾ സാറ അലിഖാനൊപ്പം സെയ്ഫ് അലി ഖാൻ പങ്കെടുത്ത ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ചാറ്റ് ഷോയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കോഫി വിത്ത് കരണിന്റെ മറ്റൊരു എപ്പിസോഡിൽ, നടൻ രൺവീർ സിംഗും തൈമൂറിനോടുള്ള തന്റെ ഇഷ്ടവും ഒരു ചിത്രത്തിലെങ്കിലും അവന്റെ ഡാഡ് ആയി അഭിനയിക്കണമെന്ന ആഗ്രഹവും വെളിപ്പെടുത്തിയിരുന്നു.