മലയാളം കണ്ട ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്.’ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്‍റെ അഭൂതപൂര്‍വ്വമായ വിജയവും ജനപ്രീതിയും കണക്കിലെടുത്ത് തമിഴ്, തെലുങ്ക്‌,കന്നഡ, ഹിന്ദി ഭാഷളിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടിരുന്നു. ‘മണിച്ചിത്രത്താഴിന്റെ’ ഹിന്ദി പതിപ്പായ ‘ഭൂല്‍ഭുലയ്യ’ സംവിധാനം ചെയ്തത് മലയാളി സംവിധായകനായ പ്രിയദര്‍ശന്‍ ആണ്. കേന്ദ്ര കഥാപാത്രമായ ഗംഗ-നാഗവല്ലിയായി വേഷമിട്ടത് വിദ്യാ ബാലന്‍ ആയിരുന്നു.

‘ഭൂല്‍ഭുലയ്യ’യ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്നതാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത‍. ‘ഭൂല്‍ഭുലയ്യ’യുടെ തുടര്‍ച്ച സംവിധാനം ചെയ്യുന്നത് അനീസ്‌ ബസ്മീ ആണ്. ജയ്പൂര്‍, ലക്നോ എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രത്തില്‍ തബു സുപ്രധാന വേഷം ചെയ്യും എന്ന് അനീസ്‌ ബസ്മീ പറഞ്ഞു. പി ടി എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

“തബുവിനൊപ്പം പ്രവര്‍ത്തിക്കണം എന്നേറെ ആശിച്ചിരുന്നു, ഈ റോള്‍ അവരിലെ മികച്ച പെര്‍ഫോര്‍മാര്‍ക്ക് പറ്റിയതുമാണ്‌. പ്രധാനപ്പെട്ട ഒരു റോള്‍ ആണ് എന്നേ ഇപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ. ‘ഭൂല്‍ഭുലയ്യ’യിലെ ക്ലൈമാക്സ് ഗാനം ‘അമി ജെ തോമാര്‍’ (മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’) ഒന്ന് കൂടി ഈ ചിത്രത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടും, അതില്‍ തബുവും ഉണ്ടാകും. എന്നാല്‍ ‘ഭൂല്‍ഭുലയ്യ’യില്‍ നിന്നും തീര്‍ത്തും വ്യതസ്തമായകഥയാണിത്.

കാര്‍ത്തിക് ആര്യന്‍, കിയാരാ അദ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രം ജൂലൈ 31ന് റിലീസ് ചെയ്യും.

 

Read in English: Bhool Bhulaiyaa 2 director Anees Bazmee: Attempt is to present Tabu in a different avatar

‘മണിച്ചിത്രത്താഴി’ന്‍റെ വിജയരഹസ്യം

മലയാളത്തിന്റെ മിത്തുകള്‍ ആഴത്തില്‍ വേരൂന്നിയ ഒരു കഥയായിരുന്നിട്ടും റിമേക്ക് ചെയ്ത ഭാഷകളില്‍ എല്ലാം തന്നെ വിജയം കണ്ട കഥയാണ് നാഗവല്ലിയായി മാറുന്ന ഗംഗയുടേത്.  ‘മണിച്ചിത്രത്താഴിന്റെ’ മങ്ങാത്ത ജനപ്രീതിയുടെ കാരണമെന്താവാം? സംവിധായകന്‍ ഫാസിലിന് അതിനെക്കുറിച്ച് പറയാനുണ്ടായിരുന്നത് ഇതാണ്.  ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘മണിച്ചിത്രത്താഴിനെ’ക്കുറിച്ച് വിശദമായി സംസാരിച്ചത്.

മണിചിത്രത്താഴ് എന്ന സബ്ജെക്ടിനെ കുറിച്ചു പറഞ്ഞപ്പോഴൊക്കെ അതു വേണോ എന്നാണ് പലരും എന്നോട് ചോദിച്ചത്. പക്ഷേ എന്റെ ഉള്ളിലെ സിനിമാകാരന് ആ സബ്ജെക്ടിനോട് താൽപ്പര്യം തോന്നി. പക്ഷേ കിട്ടിയ ഗുണം എന്താണെന്നു വെച്ചാൽ ‘മണിച്ചിത്രത്താഴ്’ എടുക്കും മുൻപ് എനിക്കു പരിചയമുള്ള സംവിധായകരോടൊക്കെ ഞാൻ കഥ പറഞ്ഞിരുന്നു. അവരെല്ലാം അവരുടെ ഉള്ളിലെ ഭയം പങ്കുവെച്ചിരുന്നു. അതെനിക്ക് പ്ലസ് ആയി. അവരങ്ങനെ പറഞ്ഞല്ലോ, അപ്പോൾ ഏറെ ശ്രദ്ധാലുവായിരിക്കണം, ഒരു ലൂപ് ഹോള്‍ പോലും വരാതെ, ഏറ്റവും ശ്രദ്ധയോടെ ചെയ്യണം എന്നു തോന്നി. ഞാനേറ്റവും സമയം എടുത്തത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിനു വേണ്ടിയാണ്. മൂന്നു മൂന്നര വർഷമാണ് ആ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ചത്. അത് വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയുമാണ് മുന്നോട്ടുപോയത്, പക്ഷേ ഇതെടുത്താൽ വിജയിക്കുമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് ‘മണിചിത്രത്താഴിൽ’ ലാൻഡ് ചെയ്യുന്നത്, സിനിമ തുടങ്ങുമ്പോൾ തിരക്കഥ പക്ക ആയിരുന്നു.

ഒരു സിനിമ വിജയിക്കുമ്പോൾ അതിൽ നമ്മൾ അറിയാത്ത ഒരുപാട് ഘടകങ്ങൾ കൂടി ഒത്തുവരണം. അത് ആ സിനിമയുടെ യോഗമോ നിയോഗമോ വിധിയോ ഒക്കെയാണ്. ‘മണിചിത്രത്താഴിനെ’ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ, എംജി രാധാകൃഷ്ണൻ എന്ന സംഗീതസംവിധായകൻ ഇല്ലെങ്കിൽ എന്ത് ‘മണിചിത്രത്താഴ്?’ ശോഭന എന്ന നടിയില്ലെങ്കിൽ? ഇന്നസെന്റ് ഇല്ലെങ്കിൽ ‘മണിചിത്രത്താഴിലെ’ കോമഡി എന്താവും? സ്ക്രിപ്റ്റും സംവിധാനവും മാത്രം നന്നായതു കൊണ്ടല്ല ‘മണിചിത്രത്താഴ്’ വിജയമായത്. സിനിമയ്ക്ക് ചേർന്ന ലൊക്കേഷൻ, പെർഫെക്റ്റ് കാസ്റ്റിംഗ്, ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എല്ലാം നന്നായി വന്നതു കൊണ്ടു കൂടിയാണത്,” ഫാസില്‍ പറഞ്ഞു.

അതേ സമയം, ‘മണിച്ചിത്രത്താഴി’ന്‍റെ ഉപകഥകള്‍ക്ക് വെബ്‌ സീരീസ് സാധ്യതയില്ലേ? എന്ന ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ല എന്നാണു അദ്ദേഹം മറുപടി നല്‍കിയത്.

“മണിചിത്രത്താഴ് എടുത്ത സമയത്ത് ഗ്രാഫിക്സ് ഇല്ല, ആനിമേഷൻ ഇല്ല. ‘ബാഹുബലി‘ ചെയ്യുമ്പോൾ അവർ ആനിമേഷൻ എന്ന ടെക്നോളജിയുടെ സാധ്യതയും പൊട്ടൻഷ്യലും മുന്നിൽ കണ്ടു കൊണ്ടാണ് അവരുടെ തോട്ട് പ്രോസസ് മുന്നോട്ടു കൊണ്ട് പോവുന്നത്. അന്ന് ഗ്രാഫിക്സ് ഒന്നുമില്ലാത്തതു കൊണ്ട് ‘മണിച്ചിത്രത്താഴ്’ എടുക്കുന്ന സമയത്ത് ഞങ്ങളുടെ ചിന്ത അങ്ങനെ പോയില്ല. പക്ഷേ ഇന്ന്, 25 വർഷങ്ങൾക്ക് ശേഷം ‘മണിച്ചിത്രത്താഴ്’ എടുത്തിട്ട് ഇനിയതിനെ എടുത്ത് മോഡേൺ സിനിമ ആക്കി കളയാം എന്നു കരുതി ആനിമേഷനും ഗ്രാഫിക്സുമൊക്കെ കുത്തി നിറച്ചാൽ ചിലപ്പോൾ നഷ്ടപ്പെടാൻ പോവുന്നത് അതിന്റെ ക്ലാസ്സിക്ക് സ്വഭാവമായിരിക്കും.

ഇപ്പോൾ പ്രിയദർശൻ ‘കുഞ്ഞാലി മരക്കാർ’ എടുക്കുന്നു, ടെക്നോളജിയെ മുന്നിൽ കണ്ടിട്ടാണ് അതിനായി ശ്രമിക്കുന്നത്. ടെക്നോളജി ഇല്ലെങ്കിൽ ആ സിനിമ ഇല്ല. ‘വിസ്മയത്തുമ്പത്ത്’ എന്നൊരു പടത്തിൽ ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു. സബ്ജെക്ട് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞാൻ ചെയ്യുമായിരിക്കും.

Read Here: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook