1982 പുറത്തിറങ്ങിയ ‘ബസാര്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ തബു, 1985 ല്‍ റിലീസായ ‘ ഹം നൗജവാന്‍’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. വിവിധ ഭാഷാ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച തബു സിനിമാ മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.
ദേശീയ പുരസ്‌കാരങ്ങള്‍ മുതല്‍ അനവധി അംഗീകാരങ്ങള്‍ തബുവിനെ തേടിയെത്തി. ചെറുപ്പകാലത്തു വളരെ ഒതുങ്ങി കൂടിയ പ്രകൃതക്കാരിയായിരുന്ന തബു എന്ന പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം, അവര്‍ ചെയ്ത കഥാപാത്രങ്ങള്‍ അത്ര ശക്തമായതായിരുന്നു. പിന്നീട് പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന സമയത്തും താന്‍ ഒരു ഇന്‍ട്രോവേര്‍ട്ടായിരുന്നെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.
സിമി ഗരേവാളുമായുളള അഭിമുഖത്തില്‍ തന്റെ ബാല്യകാലത്തെക്കുറിച്ച് തുറന്നു പറയുകയാണ് തബു. അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദില്‍ താമസിച്ച നാളുകളില്‍ താന്‍ വളരെ സന്തോഷവതിയായിരുന്നെന്ന് തബു പറയുന്നു. “അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനു ശേഷം ഞാന്‍ അപ്പുപ്പനു അമ്മൂമ്മയ്ക്കുമൊപ്പം ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ ഒരു ടീച്ചറായിരുന്നു. അതുകൊണ്ട് കൂടതല്‍ സമയവും വായനയും പ്രാര്‍ത്ഥനയുമൊക്കെയായി ഞാന്‍ അമ്മൂമ്മയ്‌ക്കൊപ്പം കൂടും. സിനിമയില്‍ വന്നതിനു ശേഷവും വളരെ മിതമായി മാത്രമെ സംസാരിച്ചിരുന്നുളളൂ. നായികയായിട്ടു പോലും സ്വന്തമായൊരു നിലപാടെടുക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്” തബു പറഞ്ഞു.
പിതാവുമായിട്ടു തനിക്കു യാതൊരു ബന്ധവുമില്ലെന്നും തബു പറയുന്നു. തബുവിനു മൂന്നു വയസ്സുളളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. അതിനു ശേഷം പിതാവ് വേറെ വിവാഹം ചെയ്യുകയുണ്ടായി. ആ ബന്ധത്തില്‍ അദ്ദേഹത്തിനു രണ്ടു കുട്ടികളുമുണ്ട്. കുടുംബ പേര് (ഹാഷ്മി) എന്തുകൊണ്ട് തന്റെ പേരിനൊപ്പം ചേര്‍ത്തില്ല എന്ന ചോദ്യത്തിനും തബു മറുപടി നല്‍കിയിരുന്നു. ‘ഞാന്‍ ഒരിക്കലും എന്റെ കുടുംബ പേര് എവിടെയും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യണമെന്നു തോന്നിയിട്ടുമില്ല. തബസ്സും ഫാത്തിമ എന്നായിരുന്നു എന്റെ പേര്. ഫാത്തിമ എന്നതാണ് എന്റെ കുടുംബ പേര് എന്നു വേണമെങ്കില്‍ പറയാം. അച്ഛനെക്കുറിച്ചുളള ഓര്‍മ്മകള്‍ ഒന്നും തന്നെ എനിക്കില്ല. ചേച്ചി അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. എനിക്ക് അങ്ങനെ കാണണമെന്നു തോന്നിയിട്ടുമില്ല’ തബു മറുപടി നല്‍കി.
സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ ഒരുമിച്ച് ഒരു വീട്ടില്‍ വളരുന്നതിനെക്കുറിച്ചുളള ഗുണങ്ങളും തബു പറയുന്നുണ്ട്.’എന്റെ കുടുംബത്തിലെ സ്ത്രീകള്‍ ശക്തരായിരുന്നു. അതു സ്വന്തം നിലയില്‍ നില്‍ക്കാനായി എന്നെയും ഒരുപാട് പ്രോത്സാഹിപ്പിച്ചു. ശക്തരായ സ്ത്രീകളോടു എന്നും പുരുഷന്‍മാര്‍ക്കു ഒരു ഭയമുളളതായി എനിക്കു തോന്നുന്നു. കാരണം സ്ത്രീകള്‍ക്കു ആണ്‍തുണയില്ലാതെ ജീവിക്കാന്‍ കഴിയുമെന്നു അവര്‍ മനസ്സിലാക്കിയതുകൊണ്ടാണ്. പുരുഷന്മാര്‍ എന്നും ദാതാക്കളായിരിക്കണമെന്നുളള ചിന്ത അവരിലുണ്ട്. പക്ഷെ ഇപ്പോള്‍ പുരോഗമന ചിന്തകളുളള പുരുഷന്മാര്‍ ഉണ്ടെന്നുളളതും ഞാന്‍ അംഗീകരിക്കുന്നു’ ചെറു പുഞ്ചിരിയൊടെ തബു പറഞ്ഞു.
തബു ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും നാഗാര്‍ജുന അക്കിനേനിയുമായുളള അവരുടെ ബന്ധത്തെക്കുറിച്ചുളള അനവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് വാര്‍ത്തകള്‍ക്കു മറുപടിയായി ഇരുവരും പറഞ്ഞത്.