ദിവസങ്ങൾക്ക് മുൻപാണ് താപ്സി പന്നു മുഖ്യവേഷത്തിലെത്തുന്ന ധപ്പട് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ട്രെയിലറിനെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. കബീർ സിങ്(അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ്) എന്ന ചിത്രത്തിനുള്ള മറുപടിയാണ് ധപ്പാട് എന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
അനുഭവ് സിൻഹ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറിൽ നിന്നുള്ള ഒരു രംഗത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ വാക്കുകൾ.
Read More: ‘സ്റ്റൈലിംഗ് ഞാൻ, ആഭരണങ്ങൾ എന്റെ, കൂടെയുള്ള ചുള്ളൻ എന്റെ മാത്രം’
ചിത്രത്തിന്റെ സംവിധായകനുമായും ചില അഭിനേതാക്കളുമായും അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാൽ അതൊന്നും പരിഗണിക്കാതെ ചിത്രം കാണുമെന്നും സ്മൃതി ഇറാനി കുറിച്ചു.
“ഞാൻ സംവിധായകന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പിന്തുണയ്‌ക്കില്ലായിരിക്കാം, അല്ലെങ്കിൽ ചില വിഷയങ്ങളിൽ ചില അഭിനേതാക്കളോട് വിയോജിച്ചേക്കാം, പക്ഷേ ഇത് ഞാൻ തീർച്ചയായും കാണുകയും ആളുകൾ അവരുടെ കുടുംബത്തോടൊപ്പം കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു കഥയാണ്,” സ്മൃതി പറഞ്ഞു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ സ്ത്രീകൾ ക്ഷമിച്ചും പൊറുത്തും കഴിയേണ്ടിവരുന്ന അവസ്ഥകളെക്കുറിച്ച് പറഞ്ഞ സ്മൃതി ഇറാനി സ്ത്രീയെ അടിക്കുക എന്നത് ശരിയല്ലെന്നും പറഞ്ഞു.