കർഷക സമരം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയതോടെ രാജ്യത്തിനകത്തുനിന്നും വിവിധ മേഖലകളിലുള്ളവർ പ്രതികരിച്ചിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറും തന്റെ നിലപാട് വ്യക്തമാക്കി..
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. “പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം” സച്ചിൻ ട്വീറ്റ് ചെയ്തു. #IndiaTogether, #IndiaAgainstPropaganda തുടങ്ങിയ ഹാഷ്‌ടാഗോടെയായിരുന്നു സച്ചിന്റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ട്വീറ്റിലില്ല. എന്നാൽ ഇപ്പോൾ സച്ചിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം താപ്സി പന്നു.
“ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോരസപ്പെടുത്തുന്നെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട റ്റീച്ചറാകരുത്,” താപ്സി ട്വിറ്ററിൽ കുറിച്ചു. താപ്സിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others.
— taapsee pannu (@taapsee) February 4, 2021
അതേസമയം, കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്രം നടത്തിയത്. ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളാണ് സെലിബ്രിറ്റികൾ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വസ്‌തുതകൾ പരിശോധിക്കാതെയും യാഥാർഥ്യം മനസിലാക്കാതെയുമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
ലഭ്യമായ വിവരങ്ങളെ കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. കർഷകരുടെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് കർഷക നിയമങ്ങളെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
Read More: പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, തീരുമാനങ്ങളെടുക്കാൻ ഇന്ത്യക്കാർക്ക് അറിയാം: സച്ചിൻ
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് ലോക പ്രശസ്‌ത പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കർഷക പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ച്, ‘എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിലും പരിസരത്തും അവർ ഇന്റർനെറ്റ് പോലും കട്ട് ചെയ്തിരിക്കുന്നു’ എന്നും മിയ ട്വീറ്റ് ചെയ്തു. കർഷകരുടെ പ്രതിഷേധത്തിന് ഫെബ്രുവരി രണ്ടിനു റിഹാനയും ഗ്രെറ്റ ട്യൂൻബർഗും പിന്തുണ നൽകിയതിന് പിന്നാലെയാണ് മിയ ഖലീഫയുടെ ട്വീറ്റ്.
കർഷക സമരവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ വാർത്ത പങ്കുവച്ചുകൊണ്ട് എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തത്? എന്ന ചോദ്യത്തോടെയായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതോടൊപ്പം ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്‌ടാഗും ഗായിക ചേര്‍ത്തു. ‘ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢം പ്രഖ്യാപിക്കുന്നു,’ എന്നായിരുന്നു പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബര്‍ഗ് ട്വീറ്റ് ചെ്യതത്.