രണ്ടായിരത്തി പതിനെട്ടിൽ ബോളിവുഡിൽ ഏറെ തിളങ്ങിയ യുവതാരങ്ങൾ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാവുകയാണ് തപ്സി പാന്നുവും വിക്കി കൗശലും. പോയവർഷം ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തങ്ങളുടെ കരിയറിൽ തന്നെ മികവിന്റെ ഒരു പൊൻതൂവൽ തുന്നിച്ചേർത്തിരിക്കുകയാണ് ഇരുവരും.
ഹോക്കി ഇതിഹാസം സന്ദീപ് സിങിന്റെ ജീവിതകഥ പറഞ്ഞ ‘സൂർമ’, അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ‘മുൾക്’, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മൻമർസിയാൻ’ എന്നിങ്ങനെ മൂന്നു ഹിറ്റ് ചിത്രങ്ങളിലാണ് തപ്സി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഈ വർഷം അവതരിപ്പിച്ചത്. അതേസമയം, ആലിയ ഭട്ട് പ്രധാനവേഷത്തിലെത്തിയ മേഘ്ന ഗുൽസാർ ചിത്രം ‘റാസി’, ബോളിവുഡിന്റെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ ‘സഞ്ജു’, ‘മൻമർസിയാൻ’ എന്നിവയായിരുന്നു വിക്കിയുടെ ചിത്രങ്ങൾ. ‘റാസി’യിലും ‘സഞ്ജു’വിലും ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ ‘മൻമാർസിയാനി’ലെ പഞ്ചാബി കഥാപാത്രം വിക്കിയ്ക്ക് ഏറെ പ്രശംസ നേടികൊടുത്തു. നെറ്റ് ഫ്ളിക്സ് ചിത്രങ്ങളിലെയും സജീവസാന്നിധ്യമാണ് വിക്കി. 2018 തന്ന ഭാഗ്യങ്ങളെയും പ്രോത്സാഹനങ്ങളെയും സ്നേഹത്തെയും കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയാണ് തപ്സിയും വിശാലും.
വൈവിധ്യങ്ങളുടെ തപ്സി
വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ മറ്റൊരു പേരാണ് തപ്സി. ‘സൂർമ’യിലെ ഹോക്കി പ്ലെയറും ‘മുൾക്കി’ലെ വക്കീലും ‘മൻമർസിയാനി’ പ്രണയിനിയുമെല്ലാം സാമ്യങ്ങളൊന്നും കൽപ്പിക്കാനില്ലാത്ത വേറിട്ട കഥാപാത്രങ്ങളാണ്. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന തപ്സി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ള കഥാപാത്രങ്ങളോട് മടി കൂടാതെ ‘നോ’ പറയുന്നു. ” മുൻവിധികളെ തകർക്കാനാണ് ഓരോ ചിത്രത്തിലൂടെയും ഞാൻ ശ്രമിക്കുന്നത്, അത് ‘പിങ്ക്’ ആയാലും ‘മുൾക്കോ’ ‘മൻമാർസിയൻ’ ആയാലുമതെ. എന്റെ കാഴ്ചക്കാരെയോ ആരാധകരെയോ ഓർത്ത് ഞാൻ ഭയപ്പെടുന്നില്ല. മുൻപു ചെയ്ത കഥാപാത്രങ്ങളുടെ നിഴലുകളെ ഞാൻ ആവർത്തിക്കില്ലെന്നു കാണുമ്പോൾ അവർ സന്തുഷ്ടരായിക്കൊള്ളും,” തപ്സി പറയുന്നു.
സിഖ് മതവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ‘മൻമർസിയാൻ’ വിവാദങ്ങളിൽ ഇടം പിടിച്ചപ്പോഴും 31-കാരിയായ തപ്സിയുടെ റൂമി ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വിവാദത്തെ കുറിച്ചു സംസാരിക്കുമ്പോഴും വ്യക്തമായ ഉത്തരമുണ്ട് തപ്സിയ്ക്ക്. ” എന്നെ ചോദ്യം ചെയ്യുകയും എന്നെ ഉൾക്കൊള്ളാനോ എന്റെ കഥാപാത്രങ്ങളെ അംഗീകരിക്കാനോ കഴിയാത്ത ആളുകളോട് എനിക്ക് ചോദിക്കാനുള്ളത്, എന്നെ നിങ്ങൾ നിങ്ങളുടേതായി കാണാതിരിക്കുന്നിടത്തോളം ഞാനെങ്ങനെ നിങ്ങളെ എന്റേതായി കാണും? എന്നെ സ്നേഹിക്കുകയും ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നവരോട്, നമ്മൾ ഇനിയുമിനിയും കാണും. നിങ്ങളുടെ പ്രതീക്ഷകളുടെ ബാർ 2019 ലും ഞാനുയർത്തും,” ചിരിയോടെ തപ്സി തുടരുന്നു. ‘എന്റെ കഥാപാത്രങ്ങളെ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരോടൊക്കെ നന്ദിപറഞ്ഞുകൊണ്ട് വേണം എന്റെ 2018 അവസാനിക്കുന്നത്,” തപ്സി പറഞ്ഞു നിർത്തുന്നു. അക്ഷയ് കുമാർ നായകനാവുന്ന ‘മംഗൾ മിഷനി’ൽ അഭിനയിക്കുകയാാണ് തപ്സി ഇപ്പോൾ. അമിതാഭ് ബച്ചനൊപ്പം ‘ബദ്‌ല’യിലും തപ്സി അഭിനയിക്കുന്നുണ്ട്.
ഈ സ്നേഹം വളരെ സ്പെഷ്യലാണ്: വിക്കി കൗശൽ
“എന്നെ സംബന്ധിച്ചിടത്തോളം വളരെ മഹനീയമായൊരു വർഷമായിരുന്നു ഇത്. ഒരു കലാകാരൻ എന്ന രീതിയിൽ എന്റെ അതിരുകൾ ഭേദിച്ച് മുന്നേറാൻ എനിക്ക് പ്രചോദനമാകുന്നത് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ്,” വിക്കി കൗശൽ പറയുന്നു.
ഒരു വർഷം നീണ്ട ഓഫ് സ്ക്രീൻ ജീവിതത്തിനു ശേഷമാണ് വിക്കിയെ വീണ്ടും പ്രേക്ഷകർ സ്ക്രീനിൽ കണ്ടത്. 2016 ൽ പുറത്തിറങ്ങിയ ‘രാമൻ രാഘവ്’ എന്ന ചിത്രത്തിനു ശേഷം 2017 ൽ ഒരൊറ്റ ചിത്രം പോലും വിക്കിയുടേതായി തിയേറ്ററുകളിലെത്തിയിരുന്നില്ല. ” ആ സമയമത്രയും ഇപ്പോൾ റിലീസിനെത്തിയ പടങ്ങൾക്കുവേണ്ടി തുടർച്ചയായി വർക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഏതു സിനിമയാാണ് വർക്ക് ചെയ്യുക, ഏതാണ് ആദ്യം റിലീസിനെത്തുക, ആരൊക്കെ ഇഷ്ടപ്പെടും എന്നൊക്കെ ചിന്തിക്കുകയായിരുന്നു ഞാൻ. എല്ലാ ചിത്രങ്ങളും ആളുകൾക്ക് കണക്റ്റ് ചെയ്യാൻ പറ്റി എന്നറിയുമ്പോൾ സന്തോഷമുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ ആണെങ്കിലും ചെയ്ത എല്ലാ കഥാപാത്രങ്ങളും ചിത്രങ്ങളും വർക്ക് ആയി. ഈ വിജയങ്ങൾ നടനെന്ന രീതിയിൽ എന്റെ ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുകയാണ്. പ്രേക്ഷകരെ നിരാശപ്പെടുത്താതെ അഭിനയിക്കണം എന്നത് വലിയൊരു ഉത്തരവാദിത്വമാണ്,” വിക്കി പറയുന്നു.
‘റാസി’യിലെ ഇക്ബാൽ സയ്ദ് എന്ന ഭർത്താവിന്റെ വേഷം വിക്കി മികവോടെ അവതരിപ്പിച്ചപ്പോൾ, ‘സഞ്ജു’വിലെ കാംലി എന്ന കഥാപാത്രം മുൻപ് കണ്ടിട്ടില്ലാത്ത ഒരു സൗഹൃദത്തിന്റെ ഊഷ്മളതയെ കുറിച്ചാണ് പറഞ്ഞത്. ഹൃദയത്തെ സ്പർശിച്ചൊരു അനുഭവം പങ്കുവെയ്ക്കുകയാണ് മുപ്പതുകാരനായ വിക്കി. “മുംബൈയിലാണ് ഈ സംഭവം നടന്നത്. ഞാൻ മൾട്ടിപ്ലെക്സിൽ സിനിമ കാണുകയായിരുന്നു. ഇടവേളയിൽ ഞാൻ പോപ്കോൺ വാങ്ങാൻ പുറത്തിറങ്ങി. അപ്പോൾ ഒരാൾ വന്ന് ‘സഞ്ജു’ കണ്ടിരുന്നെന്നും ഒരു ഫോട്ടോ എടുത്തോട്ടെ എന്നും ചോദിച്ചു. ഞാൻ സമ്മതിച്ചപ്പോൾ, “ഒരു നിമിഷം. ഞാനിപ്പോൾ വരാം’ എന്നു പറഞ്ഞ് അയാൾ പോയി. മറ്റൊരാളുടെ കൈപിടിച്ചുകൊണ്ടാണ് അയാൾ തിരിച്ചുവന്നത്. നിങ്ങളെന്റെ കാംലിയെ കാണണമെന്ന് ഞാനാഗ്രഹിക്കുന്നു എന്നു പറഞ്ഞ് അയാളെ പരിചയപ്പെടുത്തി. ഹൃദയസ്പർശിയായൊരു നിമിഷമായിരുന്നു അത്. അതുവരെ ആ സിനിമയുടെ പിറകിലുള്ള അധ്വാനം, ബുദ്ധിമുട്ടുകൾ, ഉറക്കമില്ലാതെ 12- 14 മണിക്കൂർ വരെയൊക്കെയുള്ള ഷൂട്ട്, കരച്ചിൽ, ചിരി എല്ലാം അതോടെ മറന്നുപോവും. എല്ലാ വിഷമങ്ങളും താൽക്കാലികമാണ്, നിങ്ങൾക്ക് തിരിച്ചുകിട്ടുന്നത് ഈ സ്നേഹമാണെങ്കിൽ. ഈ സ്നേഹം വളരെ സ്പെഷ്യലാണ്,” വിക്കി കൂട്ടിച്ചേർക്കുന്നു.
പുതുവർഷത്തിൽ വിക്കിയിക്ക് പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്ന് ‘ഉറി’യാണ്. ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമായ ‘ഉറി’യിൽ 2016 ൽ പാക്കിസ്ഥാന് എതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ കഥയാണ് പറയുന്നത്. ഒരു ഇന്ത്യൻ കമാൻഡോയുടെ വേഷമാണ് ചിത്രത്തിൽ വിക്കിയ്ക്ക് . നവാഗതനായ ആദിത്യ ധർ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യാമി ഗൗതമും പരേഷ് റാവലുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 2019 ജനുവരി 11 ന് ചിത്രം തിയേറ്ററുകളിലെത്തും.