വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ബോളിവുഡ് നടിമാർ അധിക്ഷേപത്തിന് ഇരയാകാറുണ്ട്. ബിക്കിനി ധരിച്ച ചിത്രമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നടി തപ്‌സി പന്നുവാണ് ട്വിറ്ററിൽ കപട സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. തന്റെ പുതിയ ചിത്രമായ ജുധ്‌വാ 2 വിൽ നിന്നുളള ചിത്രമാണ് തപ്‌സി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ചിത്രത്തെ അധിക്ഷേപിച്ചുകൊണ്ട് ഒരാൾ കമന്റിട്ടു.

‘നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. അതിനാൽ എന്തുകൊണ്ടാണ് ബാക്കി വസ്ത്രം കൂടി നീക്കം ചെയ്യാത്തത്. അങ്ങനെയെങ്കിൽ അതുകണ്ട് നിങ്ങളുടെ സഹോദരൻ അഭിമാനം കൊണ്ടേനെ’ എന്നായിരുന്നു ട്വീറ്റ് എന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഈ ട്വീറ്റ് ഇപ്പോൾ ട്വിറ്ററിൽ കാണാനില്ല. ഇതിനു നല്ല ഉഗ്രൻ മറുപടിയാണ് തപ്‌സി നൽകിയത്. ‘എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായിട്ടും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചേനെ, പക്ഷേ ഇപ്പോൾ സഹോദരിയുടെ മറുപടി മതിയോ’ എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്.

thapsee pannu

പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തപ്‌സി പന്നു ചുവടുറപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ കരുത്തയായ സ്ത്രീയായി തപ്‌സിയെ സാവി മാസിക തിരഞ്ഞെടുത്തിരുന്നു. തപ്‌സി അഭിനയിച്ച സിനിമകള്‍ വിലയിരുത്തിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

നേരത്തെ ഫാത്തിമ സന ഷെയ്ഖ്, സോഹ അലി ഖാൻ, ദീപിക പദുക്കോൺ എന്നിവരും വസ്ത്രത്തിന്റെ പേരിൽ ട്വിറ്ററിൽ അധിക്ഷേപം നേരിട്ടിരുന്നു. റമസാൻ സമയത്ത് ബീച്ചിൽ കിടക്കുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ഫാത്തിമ സന ട്രോളന്മാരുടെ ആക്രമണത്തിനിരയായത്. ഒരു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ പേരിലായിരുന്നു ദീപിക ട്രോളന്മാരുടെ ഇരയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ