നീരജ് പാണ്ടേ – അക്ഷയ് കുമാര്‍ ചിത്രമായ ബേബി കണ്ടിറങ്ങിയവരെല്ലാം സിനിമ എങ്ങനെ എന്ന് ചോദിക്കുമ്പോള്‍ പറഞ്ഞ ഒരുത്തരമുണ്ട് – താപ്‌സീ തകര്‍ത്തു എന്ന്. 2013 ല്‍ ചഷ്മേ ബദ്ടൂര്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ ഈ പഞ്ചാബി സുന്ദരിയെ ജനം പക്ഷെ ശരിക്കും അറിഞ്ഞു തുടങ്ങിയത് ബേബിയിലൂടെയാണ്.

താന്‍ ചതിച്ചു കൊണ്ട് വന്ന പ്രതി നായകനുമൊത്ത് ഒരു മുറിയില്‍ പെട്ട് പോകുന്ന പെണ്‍കുട്ടി. പദ്ധതി അനുസരിച്ച് രക്ഷിക്കാമെന്നേറ്റ നായകന്‍റെ വരവ് വൈകുന്നു. വേറെ നിവൃത്തിയില്ലാതെ പ്രതി നായകനെ ഇടിച്ചു വീഴ്ത്തുന്ന പുതിയ ആക്ഷന്‍ നായികയെ കണ്ടു ബോളിവുഡ് കോരിത്തരിച്ചു.
ഒരര്‍ത്ഥത്തില്‍ ബേബിയിലെ സ്റ്റാര്‍ താപ്‌സീയായിരുന്നു. 2016 ല്‍ അമിതാബ് ബച്ചനൊപ്പം പിങ്ക് – ബോളിവുഡ് കണ്ട മറ്റൊരു മികച്ച അഭിനയ പ്രകടനം കൂടിയായപ്പോള്‍ തപ്‌സീ എന്ന പേര് ബോളിവുഡ് മുന്‍ നിരക്കാരുടെ കൂട്ടത്തിലെഴുതിത്തുടങ്ങി.
2017ന്‍റെ ആദ്യ പകുതിയില്‍ മാത്രം നാല് ചിത്രങ്ങള്‍ – നാം ശബാന, ഖാസി അറ്റാക്ക്, ജുട്വ – 2, റണ്ണിംഗ് ഷാദി എന്നിങ്ങനെ. ഇതിലെ കഥാപാത്രങ്ങളെക്കുറിച്ച് തപ്സി മനസ്സ് തുറക്കുന്നു.
‘ബേബിയില്‍ എന്‍റെ കഥാപാത്രത്തിനു ലഭിച്ച അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നാം ശബാനയുടെ തുടക്കം. സ്പെഷ്യല്‍ ടാസ്ക് ഫോര്‍സില്‍ ചേരുന്നത് വരെയുള്ള അവളുടെ ജീവിതം. ശബാന ഖാന്‍ എന്ന മീരയാണ് കേന്ദ്ര കഥാപാത്രം.

പിങ്ക് റിലീസ് ചെയ്തു മൂന്ന് ദിവസം കഴിഞ്ഞാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നത്. പിങ്കിലെ അഭിനയം നന്നായി എന്ന് നിരന്തരം അഭിനന്ദനം വന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വളരെ വ്യതസ്തമായ ഒരു ചിത്രമായിരുന്നു പിങ്ക്. അതില്‍ എന്‍റെ കഥാപാത്രം ഒരു ഘടകം മാത്രം. നാം ശബാനയാകട്ടെ, എന്‍റെ മാത്രം കഥാപാത്രത്തിലൂന്നിയുള്ള ചിത്രവും. സ്വാഭാവികമായും നമുക്ക് ഒരു പ്രഷര്‍ അനുഭവപ്പെടും, ഇത് വരെ ചെയ്തതിനേക്കാള്‍ നന്നാവാന്‍. അത് കുറച്ചു സ്‌ട്രെസ് ഉണ്ടാക്കി.
പക്ഷെ ഇതിന്‍റെ നിര്‍മാതാവ് എനിക്ക് ധൈര്യം തന്നു. പിങ്കുമായി ഇതിനെ താരതമ്യം ചെയ്യണ്ട. ബേബിയില്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തല്ലോ, അത് പോലെ കണക്കാക്കിയാല്‍ മതി. ഇത് കേട്ടതോടെ എനിക്ക് സമാധാനമായി.
പിങ്കിലെ മീരയുമായി എനിക്ക് റിലേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായില്ല. റിലീസ് ചെയ്യാനിരിക്കുന്ന റണ്ണിംഗ് ഷാദിയുമതെ. എന്നാല്‍ നാം ശബാന അങ്ങനെയല്ല. എന്നില്‍ നിന്നും വളരെ വ്യത്യസ്ഥയാണ്. ഓരോ സീനിലും ഡയറക്ടര്‍ പറഞ്ഞു തന്നിരുന്നു, എങ്ങനെ പ്രതികരിക്കണം എന്ന്.

റണ്ണിംഗ് ഷാദി ഒരു പ്രണയ കഥയാണ്. കമിതാക്കളെ ഒളിച്ചോടാന്‍ സഹായിക്കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പ്. ഇതിനു മുന്‍കാല ഷാദി (വിവാഹം) ചിത്രങ്ങളായ ബാന്‍ഡ് ബാജ ബാരാത്ത്, ഹാപ്പി ഭാഗ് ജായെഗി തുടങ്ങിയവയുമായി ഒരു ബന്ധവുമില്ല. ഒരു സിനിമയില്‍ ഒരു ഷാദി രംഗം എന്നത് ഒഴിച്ചുകൂടാനാവാത്തതാണ് നമ്മളെ സംബന്ധിച്ച്. കാരണം അത്ര വിപുലമായാണ് നമ്മള്‍ അത് ആഘോഷിക്കുന്നത്.
എനിക്ക് പക്ഷെ ഇത് വരെ ആരെയും ഒളിച്ചോടാന്‍ സഹായിക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ അമിത് സാധ് (സിനിമയിലെ നായകനും സംവിധായകനും), നിര്‍മാതാവ് ഷുജിത്ത് സര്‍കാറുമൊക്കെ അത് ചെയ്തിട്ടുണ്ട്.
ഖാസി അറ്റാക്ക് എന്നത് ഒരു നായികാ പ്രാധാന്യമുള്ള ചിത്രമല്ല. എന്നോട് അതിന്‍റെ അണിയറക്കാര്‍ അതാദ്യമേ പറഞ്ഞിരുന്നു. എന്‍റെ കഥാപാത്രത്തിനെ നായകനുള്‍പ്പെടുന്ന നേവി ഓഫീസര്‍മാര്‍ രക്ഷിക്കുന്നതാണ് സിനിമ. രാണ ദഗ്ഗുബട്ടിയാണ് നായകന്‍.

ഒരു ചരിത്രകഥ പറയുന്ന ഒരു ചിത്രമാണിത്. അധികം അറിപ്പെടാത്ത ഒരു കഥ. മൂന്നു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. എന്‍റെ കഥാപാത്രം വലുതാണോ ചെറുതാണോ എന്നല്ല, സിനിമ നല്ലതാണോ മോശമാണോ എന്നാണ് ഞാന്‍ നോക്കുന്നത്.’
രാജ് കുമാര്‍ റാവുവിന്‍റെ പുതിയ ചിത്രത്തില്‍ നിന്നും ഒഴിഞ്ഞു മാറിയോ എന്നാ ചോദ്യത്തിന് താപ്‌സീ പ്രതികരിച്ചതിങ്ങനെ.
‘ഒരു സിനിമയില്‍ നിന്നും വാക്ക് ഔട്ട് മാത്രം വലിയ താരമാണ് ഞാന്‍ എന്നെനിക്ക് തോന്നിയിട്ടില്ല. അത് ഞാന്‍ ഒരു കരിയറിസ്റ്റ് ആയതു കൊണ്ടല്ല, എനിക്ക് ധൈര്യമില്ലാത്തത് കൊണ്ടാണ്. ഒരു സിനിമ വേണ്ട എന്ന് തീരുമാനിക്കുന്നത് പലപ്പോഴും ഡേറ്റ് പ്രശ്നങ്ങളോ മറ്റു ചില പ്രൊഡക്ഷന്‍ വിഷയങ്ങളോ കാരണമായിരിക്കും.’
നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടും ഒരു ബോളിവുഡ് ചിത്രം വേണ്ടി വന്നു തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെടാന്‍ എന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് തപ്സി പറയുന്നു.

‘എനിക്ക് ചിരിയാണ് വരുന്നത്, ഇപ്പോള്‍ ഇവര്‍ അഭിനന്ദിക്കുന്നത് കേള്‍ക്കുമ്പോള്‍. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് പോലെയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ എഫ്ഫര്‍ട്ട് എടുത്തിട്ടാണ് ഓരോ തെന്നിന്ത്യന്‍ ചിത്രവും ചെയ്തിട്ടുള്ളത്. എന്‍റെതല്ലാത്ത കാരണങ്ങളാല്‍ അത് ഓടാതിരിക്കുമ്പോള്‍ എനിക്ക് ഭാഗ്യമില്ലാ എന്നും മറ്റും പറഞ്ഞ് കേള്‍ക്കുന്നത് സങ്കടമല്ലേ. പിങ്ക് കഴിഞ്ഞതോടെ രംഗം മാറി. എന്നെ അഭിനയിപ്പിക്കണ്ട എന്ന് തീരുമാനിച്ചവര്‍ പോലും എന്‍റെ ഡേറ്റ് കാത്തുനില്‍ക്കുന്ന അവസ്ഥയായി. ഞാന്‍ അവിടെ തന്നെയുണ്ടായിരുന്നില്ലേ, നിങ്ങള്‍ക്കായിരുന്നു എന്നെ വേണ്ടാതിരുന്നത് എന്നെനിക്കു പറയാന്‍ തോന്നുന്നുണ്ട്.’
ഇത് പറയുമ്പോഴും ഒരു തെലുങ്ക് ചിത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ട് താപ്‌സീ. നിങ്ങള്‍ക്ക് പകരം നിങ്ങള്‍ മാത്രം എന്ന് പറഞ്ഞ്, അവരുടെ ഡേറ്റിനായി കാത്തിരുന്ന ഒരു സംവിധായകന്‍റെ ചിത്രം.