ബോളിവുഡിൽ കങ്കണ റണൗട്ട് അഴിച്ചുവിട്ട വിവാദങ്ങൾ ഒതുങ്ങുന്നതിനു മുൻപേ സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു. ഏഴ് വർഷങ്ങൾക്ക് മുൻപ് തെലുങ്കിലൂടെ സിനിമയിൽ എത്തിയ തപ്‌സിക്ക് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിൽ തന്റേതായ ഒരു ഇടവും സ്ഥാനവും വേണ്ടത്ര ലഭിച്ചിട്ടില്ല.

ബേബി, പിങ്ക് എന്നീ ഹിറ്റ് സിനിമകൾ ശ്രദ്ധിക്കപ്പെട്ടിട്ടു പോലും സിനിമയുടെ വിജയം തന്റെ കൂടി വിജയമാക്കാൻ തപ്‌സിക്ക് കഴിഞ്ഞില്ല. അതുമല്ലെങ്കിൽ ഒരു താരപദവിയിലേക്ക് ഇനിയുമെത്താൻ തപ്‌സിക്ക് സാധിക്കാതെ പോയത് അറിയാത്ത ഇത്തരം കാരണങ്ങൾ കൊണ്ടാകാം. അക്ഷയ് കുമാർ നായകനാകുന്ന നാം ഷബാന എന്ന ചിത്രത്തിലൂടെ മറ്റൊരു ഗംഭീര കഥാപാത്രമായെത്തുമ്പോൾ തപ്‌സിക്കും ചിലത് പറയാനുണ്ട്.
tapsi, taapsee pannu, tapsi pannu, naam shabana, pink

സിനിമ മേഖലയിലെ ചില മോശം പ്രവണതകളെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് തപ്‌സി. തനിക്ക് സിനിമയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും മോശം അനുഭവങ്ങളും തപ്‌സി സമൂഹ മാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.

എംബിഎയ്‌ക്ക് ചേരാനിരുന്ന സമയത്താണ് തപ്‌സി സിനിമയിലെത്തുന്നത്. പക്ഷേ ആദ്യ മൂന്ന് ചിത്രങളും വിജയിക്കാതെ വന്നതോടെ ഭാഗ്യമില്ലാത്ത നടിയെന്ന പേര് തനിക്ക് വീണുവെന്ന് തപ്‌സി പറയുന്നു. വലിയ നായകന്മാരും സംവിധായകരുമെല്ലാം ഉണ്ടായിട്ടും ചിത്രം പരാജയപ്പെട്ടത് താൻ കാരണമാണെന്ന് കുറ്റപ്പെടുത്തി. സിനിമയിൽ മറ്റുളളവർക്ക് നൽകുന്ന ശമ്പളവും തനിക്ക് ഈ കാരണങൾകൊണ്ട് കിട്ടാതായെന്നും നടി പറഞ്ഞു.
tapsi, taapsee pannu, tapsi pannu, naam shabana, pink

പിങ്ക് എന്ന ചിത്രത്തിനു മുൻപുവരെ ഇതായിരുന്നു തന്റെ അവസ്ഥയെന്നും തന്റെ ശമ്പളം കുറയ്‌ക്കാൻ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും തപ്‌സി വെളിപ്പെടുത്തി. താൻ ഒരു എ-ലിസ്റ്റ് നായിക (മുൻനിര നായിക) അല്ലാത്തതുകൊണ്ട് പല നടന്മാരും തനിക്കൊപ്പം ജോലി ചെയ്യാൻ മടിച്ചുവെന്നും നടി പറയുന്നു. സിനിമയ്‌ക്കായി ഡേറ്റ് വരെ തീരുമാനിച്ച ശേഷം പോലും അവസാന നിമിഷം തന്നെ തട്ടിമാറ്റിയിട്ടുണ്ടെന്നും തപ്‌സി കുറ്റപ്പെടുത്തി. അടിസ്ഥാന ശമ്പളത്തിനായി പോലും തനിക്ക് വാദിക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷേ താൻ പരാതിപ്പെടുകയല്ലെന്നും നടി പറഞ്ഞു.

അഭിനയത്തോടുളള ഇഷ്‌ടം കൊണ്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും താൻ ഗ്ലാമറസ് അല്ലെങ്കിൽ പോലും തന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ