പിങ്ക്, നാം ഷബാന, ബേബി തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തപ്‍സി പന്നു. തപ്സി പന്നു നായികയായ അനുഭവ് സിൻഹ ചിത്രം ‘തപ്പഡ്’ ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.
ഫിറ്റ്നസ്സ് കാര്യത്തിലും ഏറെ ശ്രദ്ധാലുവാണ് തപ്സി. ഓരോ മാസവും ഡയറ്റീഷ്യനു വേണ്ടി ഒരു ലക്ഷം രൂപ താൻ ചെലവഴിക്കുന്നുണ്ടെന്നാണ് തപ്സി തുറന്നു പറയുന്നത്. ഇത്രയും ചെലവു ചെയ്യുന്നതിന് മാതാപിതാക്കൾ തന്നോട് തർക്കിക്കാറുണ്ടെന്നും എന്നാൽ സിനിമ കരിയറായി തിരഞ്ഞെടുത്ത ഒരാളെ സംബന്ധിച്ച് ഇത് ആവശ്യമായ ചെലവാണെന്നും തപ്സി പറയുന്നു.
Iതന്റെ പിതാവ് വളരെ കുറച്ച് മാത്രം ചെലവഴിക്കാറുള്ള ആളാണെന്നും ഒരു ജീവിതകാലം മുഴുവൻ പണം സമ്പാദിച്ചിട്ടും അദ്ദേഹമത് സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിക്കാറില്ലെന്നും തപ്സി പറയുന്നു. ‘എന്നെയും സഹോദരിയേയും ഓർത്ത് വിഷമിക്കേണ്ട, ഞങ്ങൾക്ക് വലിയ കല്യാണം നടത്താനായി സമ്പാദിച്ചുവക്കേണ്ടതില്ല, ആ ചെലവുകൾ ഞങ്ങൾക്കു വഹിക്കാവുന്നതേയുള്ളൂ’ എന്ന് അച്ഛനോട് പറഞ്ഞതായും തപ്സി കൂട്ടിച്ചേർത്തു. എന്നിട്ടും അച്ഛൻ എപ്പോഴും ചെലവഴിക്കുന്നതിനെ കുറിച്ച് ദേഷ്യപ്പെടുമെന്നും താരം പറയുന്നു. ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യങ്ങൾ പറഞ്ഞത്.
“ഞാൻ വീട്ടിലേത്തുമ്പോൾ, ഒരു ഡയറ്റീഷ്യനുവേണ്ടി ഇത്രയും തുക ചെലവഴിക്കുന്നതിന് അദ്ദേഹം ഉറപ്പായും എന്നെ ശകാരിക്കും,” തപ്സി പറഞ്ഞു. ഡയറ്റീഷ്യന്റെ സേവനത്തിനായി എത്രമാത്രം തുകയാണ് മാസം ചെലവഴിക്കുന്നുവെന്ന് അവതാരക ചോദിച്ചപ്പോഴാണ്, “പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ” എന്ന് തപ്സി മറുപടി നൽകിയത്.
തന്റെ പ്രൊഫഷന് ഇത് ആവശ്യമാണെന്നും തപ്സി വിശദീകരിച്ചു. “ഞാൻ ഏത് സിനിമ ചെയ്യുന്നു, ഞാൻ എവിടെയാണ് കഴിയുന്നത് എന്നതനുസരിച്ച്, ഭക്ഷണക്രമത്തിൽ മാറ്റമുണ്ടാകും. നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നിങ്ങളുടെ ശരീരവും മാറുന്നു. ഏത് നഗരത്തിലാണ്, അല്ലെങ്കിൽ ഏത് രാജ്യത്താണ് നമ്മൾ താമസിക്കുന്നത് എന്നതിനെ ആശ്രയിച്ച്, നമുക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം ഏതെന്ന് പറയാൻ നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു പ്രൊഫഷണലിന്റെ ഉപദേശം ആവശ്യമാണ്. കാലാവസ്ഥയും പ്രദേശിക ഉൽപന്നങ്ങളും അതിൽ പങ്ക് വഹിക്കുന്നുണ്ട്.”
ഒരു അഭിനേതാവിന് മറ്റെന്താണ് നിക്ഷേപമെന്ന് തപ്സി ചോദിക്കുന്നു. മെറ്റബോളിസം പ്രശ്നങ്ങൾ ഉള്ളതിനാൽ അമ്മയ്ക്കും ഡയറ്റീഷ്യൻ ഉണ്ടെന്ന് തപ്സി പറയുന്നു. നിങ്ങൾക്ക് ഇപ്പോൾ ഭക്ഷണക്രമത്തിൽ ചിലവഴിക്കാൻ കഴിയുമെങ്കിൽ പിന്നീട് അധികം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരില്ലെന്നാണ് തപ്സി പറയുന്നത്. എന്നാൽ അമ്മയ്ക്ക് ഡയറ്റീഷ്യൻ വേണ്ടെന്നാണ് അച്ഛൻ പറയുന്നതെന്നും ഒരു ഡയറ്റീഷ്യൻ ഉണ്ടായിക്കുന്നത് ഫാൻസി കാര്യമാണെന്നാണ് അച്ഛൻ കരുതുന്നതെന്നും തപ്സി പറഞ്ഞു. എന്നാൽ തന്നെ സംബന്ധിച്ച് ഇതൊരു ഫാൻസി കാര്യമല്ല, മറിച്ച് ആവശ്യമാണെന്നും തപ്സി വിശദീകരിക്കുന്നു.
ഷാരൂഖ് ഖാനൊപ്പം ‘ഡങ്കി’ എന്ന ചിത്രത്തിലാണ് തപ്സി അടുത്തതായി അഭിനയിക്കുന്നത്.