തപ്സി പന്നു നായികയായി എത്തിയ അനുഭവ് സിൻഹ ചിത്രം ‘തപ്പഡ്’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗാർഹിക പീഡനം വിഷയമായി വരുന്ന ചിത്രത്തിൽ, ഭർത്താവ് മുഖത്തടിച്ചതിനെതിരെ കോടതി കയറുന്ന കഥാപാത്രമായാണ് താപ്സി എത്തുന്നത്. ഏതു ബന്ധത്തിലാണെങ്കിലും ശാരീരിക ആക്രമണങ്ങൾ ചെറുക്കേണ്ടതാണെന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

എന്നാൽ കബീർ സിങ് പോലൊരു ചിത്രം വിജയിച്ച അതേ ഇൻഡസ്ട്രിയിൽ തപ്പഡും പ്രദർശനത്തിനെത്തുന്നു അത് സ്വീകരിക്കപ്പെടുന്നു എന്നത് വല്ലാത്ത അത്ഭുതമാണെന്ന് തപ്സി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താപ്സി ഇക്കാര്യം പറഞ്ഞത്.

“പരസ്പരവിരുദ്ധമായ രണ്ട് വിഷയങ്ങൾ ഒരേ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നത് അതിശയകരമാണ്. ടി-സീരീസ് രണ്ട് സിനിമകളും നിർമിക്കാൻ തയ്യാറായി എന്നത് പരിഗണിക്കുമ്പോൾ രണ്ട് വിഷയങ്ങളിലും പണവും സമയവും പരിശ്രമവും ചെലവഴിക്കാൻ ആളുകളുണ്ട് എന്നതാണ് കാര്യം. ഇത് ഒരു രസകരമായ സമയമാണ്. ഇത് ചെയ്ത ഞങ്ങൾ അത് ചെയ്യില്ല എന്ന് പറയുന്ന മൗലികവാദികളല്ല നമ്മൾ,” താപ്സി പറഞ്ഞു.

Read More: ജോലിയും കൂലിയുമില്ലാത്ത ചിലർക്ക് പണി കൊടുക്കാൻ സാധിച്ചതിൽ സന്തോഷം: താപ്‌സി

കാമുകിയെ മർദിക്കുന്നത് പലപ്പോഴും സ്നേഹം കൊണ്ടാണെന്ന് പറയുന്ന കബീർ സിങ് സ്ത്രീവിരുദ്ധതയുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകനായി എത്തിയത്. വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡി എന്ന സൂപ്പർഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ ബോളിവുഡ് പതിപ്പായിരുന്നു കബീർ സിങ്. എന്നാൽ തപ്പഡ് കബീർ സിങിനുള്ള മറുപടിയല്ലെന്ന് താപ്സി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം ചിത്രത്തെ താപ്സി വിമർശിച്ചിരുന്നു.

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ അഭിനേത്രിയാണ് താപ്സി പാന്നു. സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചിത്രങ്ങളുടെ ഭാഗമാവാനുള്ള താപ്സിയുടെ ശ്രമം പ്രശംസനീയമാണ്. ‘പിങ്ക്’, ‘മുൽക്’ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അവ ഉയർത്തിപിടിച്ച കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും താപ്സിയുടെ അഭിനയമികവുകൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രങ്ങളെ കുറിച്ചും താപ്സിയ്ക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. “എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല, അതിനു ഞാന്‍ ശ്രമിക്കുന്നുമില്ല,” എന്നാണ് തപ്സി പറയുന്നത്.

തപ്പഡ് ബഹിഷ്കരിക്കാനുള്ള ആഹ്വാനം സോഷ്യൽ മീഡിയയിൽ വ്യാപകമായി നടന്നിരുന്നു. കാരണം മറ്റൊന്നുമല്ല, തപ്‌സി സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുവെന്നത് തന്നെ. താരം രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും താപ്‌സിക്കെതിരെ വന്നിരുന്നു.

എന്നാൽ ഇതിന് ചുട്ടമറുപടിയാണ് താപ്സി നൽകിയത്. “സോഷ്യൽ മീഡിയയിൽ ജോലിയില്ലാത്ത ചില ആളുകൾക്ക് ജോലി നൽകാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഞാൻ കൂടുതൽ പ്രാധാന്യം നൽകാറില്ല. അതുകൊണ്ട് എനിക്ക് അത്രയേ പറാനുള്ളൂ,” താപ്‌സി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook