ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ അഭിനേത്രിയാണ് തപ്സി പന്നു. സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചിത്രങ്ങളുടെ ഭാഗമാവാനുള്ള തപ്സിയുടെ ശ്രമം പ്രശംസനീയമാണ്. ‘പിങ്ക്’, ‘മുൽക്’ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അവ ഉയർത്തിപിടിച്ച കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും തപ്സിയുടെ അഭിനയമികവുകൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ‘തപ്പട്’ എന്ന ചിത്രവും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്.
ഗാർഹിക പീഡനം വിഷയമായി വരുന്ന ചിത്രത്തിൽ, ഭർത്താവ് മുഖത്തടിച്ചതിനെതിരെ കോടതി കയറുന്ന കഥാപാത്രമായാണ് തപ്സി എത്തുന്നത്. ഏതു ബന്ധത്തിലാണെങ്കിലും ശാരീരിക ആക്രമണങ്ങൾ ചെറുക്കേണ്ടതാണെന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
എന്നാൽ ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നത്. കാരണം മറ്റൊന്നുമല്ല, തപ്സി സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുവെന്നത് തന്നെ. താരം രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും തപ്സിക്കെതിരെ വരുന്നുണ്ട്.
പക്ഷെ ഇതുകൊണ്ടൊക്കെ തപ്സിയെ തളർത്താൻ ശ്രമിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിൽ യാതൊരു കാര്യവുമില്ല. നല്ല ചുട്ടമറുപടി തപ്സിയുടെ കൈയിലുണ്ട്.
“സോഷ്യൽ മീഡിയയിൽ ജോലിയില്ലാത്ത ചില ആളുകൾക്ക് ജോലി നൽകാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഞാൻ കൂടുതൽ പ്രാധാന്യം നൽകാറില്ല. അതുകൊണ്ട് എനിക്ക് അത്രയേ പറാനുള്ളൂ,” തപ്സി വ്യക്തമാക്കി.
ദീപിക പദുക്കോൺ നായികയായി എത്തിയ ‘ഛപാക്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായും ഇത്തരം ബഹിഷ്കരണ ആഹ്വാനങ്ങൾ ഉണ്ടായിരുന്നു. ദീപിക പദുക്കോൺ ജവഹർലാൽ നെഹ്റു സർവകലാശാല സന്ദർശിച്ചതായിരുന്നു പ്രകോപനത്തിന്റെ കാരണം.
ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രങ്ങളെ കുറിച്ചും തപ്സിക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. “എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല, അതിനു ഞാന് ശ്രമിക്കുന്നുമില്ല,” എന്നാണ് തപ്സി പറയുന്നത്. നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധേയയാണ് തപ്സി. നായികയെ സ്നേഹക്കൂടുതൽ കൊണ്ട് മർദിക്കുന്ന ‘അർജ്ജുൻ റെഡ്ഡി’ എന്ന ചിത്രത്തിനെതിരെയും തപ്സി സംസാരിച്ചിരുന്നു.
‘മുൽക്’, ‘ആർട്ടിക്കിൾ 15’ എന്നീ ചിത്രങ്ങൾക്ക് ശേഷം അനുഭവ് സിൻഹ ഒരുക്കുന്ന ചിത്രമാണ് ‘തപ്പട്’. ഫെബ്രുവരി 28 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.