ചെറിയ വേഷങ്ങളിലൂടെ വന്ന് ബോളിവുഡിലെ അവഗണിക്കാനാകാത്ത സാന്നിദ്ധ്യമായി മാറിയ നടിയാണ് താപ്സി പന്നു. വ്യക്തിത്വം കൊണ്ടും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തപ്സി ബോളിവുഡിലെ വേറിട്ട സ്വരമാണ്. എന്നാൽ ഒരു കാലത്ത് തനിക്ക് തിരഞ്ഞെടുപ്പിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ലെന്നും നായകന്മാർക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളിൽനിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും താപ്സി പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യം വ്യക്തമാക്കിയത്.

“കഴിഞ്ഞ 5-6 വർഷത്തിനുള്ളിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം കൺമുന്നിൽ കണ്ടു. മുൻപ് ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവർ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാൽ ഇപ്പോൾ ഞാൻ കൂടി ഭാഗമായ സിനിമകൾ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്.”

Read More: ശരീരത്തില്‍ സെറിബ്രം എവിടെയാണ്?: തപ്സിയുടെ ട്വീറ്റിന് പുറകേ ഡിക്ഷ്ണറി തപ്പി ആരാധകര്‍

“നായകന്മാർ എന്നെ അംഗീകരിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ ജോലിയുമായി ബന്ധമില്ലാത്ത എന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടോ എന്നെ സിനിമകളിൽനിന്നു മാറ്റിയിട്ടുണ്ട്. നിങ്ങളുടെ സിനിമകൾ വിജയിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൂടും എന്നത് സത്യമാണ്. നായകന്മാരിൽനിന്നു വളരെ വ്യത്യാസമുണ്ടെങ്കിലും അത് കൂടുന്നുണ്ട്. ഞാൻ അതിന്റെ പോസിറ്റീവ് വശം കാണാൻ ആഗ്രഹിക്കുന്നു. എന്റെ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ നായകന്മാരുടേതിന് തുല്യമാകുമ്പോൾ, എന്റെ പ്രതിഫലവും അവരുടേതിന് തുല്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരിയായ ദിശയിൽ തന്നെയാണ് കാര്യങ്ങളുടെ പോക്ക്,” തപ്‌സി പറഞ്ഞു.

തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം ‘സാന്ദ് കി ആംഖ്’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഇന്ത്യയുടെ ഷാർപ്പ്ഷൂട്ടർമാരായ ചന്ദ്രോയുടെയും പ്രകാശി തോമാറിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭൂമി പട്നേക്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

‘സാന്ദ് കി ആംഖ്’ എന്ന ചിത്രത്തിന്റെ കരാറിൽ​ ഒപ്പിട്ടപ്പോൾ പലരും അതിനെ ഒരു മണ്ടൻ തീരുമാനം എന്നാണ് വിശേഷിപ്പിച്ചതെന്ന് താപ്‌‌സി പറയുന്നു. ഒരു വശത്ത്, എന്തിനാണ് രണ്ട് നായികമാരുള്ള സിനിമ ചെയ്യുന്നതെന്ന് ആളുകൾ ചോദിച്ചപ്പോൾ, മറുവശത്ത് എന്തിനാണ് 60 വയസായ ഒരാളായി അഭിനയിക്കുന്നത് എന്ന ചോദ്യമായിരുന്നു. എന്നാൽ​ഈ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നാണ് തപ്‌സി പറയുന്നത്.

Read More in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook