ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ അഭിനേത്രിയാണ് താപ്സി പാന്നു. സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചിത്രങ്ങളുടെ ഭാഗമാവാനുള്ള താപ്സിയുടെ ശ്രമം പ്രശംസനീയമാണ്. ‘പിങ്ക്’, ‘മുൽക്’ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അവ ഉയർത്തിപിടിച്ച കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും താപ്സിയുടെ അഭിനയമികവുകൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ‘തപ്പട്’ എന്ന ചിത്രവും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്.

ഗാർഹിക പീഡനം വിഷയമായി വരുന്ന ചിത്രത്തിൽ, ഭർത്താവ് മുഖത്തടിച്ചതിനെതിരെ കോടതി കയറുന്ന കഥാപാത്രമായാണ് താപ്സി എത്തുന്നത്. ഏതു ബന്ധത്തിലാണെങ്കിലും ശാരീരിക ആക്രമണങ്ങൾ ചെറുക്കേണ്ടതാണെന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രങ്ങളെ കുറിച്ചും താപ്സിയ്ക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. “എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല, അതിനു ഞാന്‍ ശ്രമിക്കുന്നുമില്ല,” എന്നാണ് തപ്സി പറയുന്നത്. നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധേയയാണ് താപ്സി. നായികയെ സ്നേഹക്കൂടുതൽ കൊണ്ട് മർദ്ദിക്കുന്ന ‘അർജ്ജുൻ റെഡ്ഡി’ എന്ന ചിത്രത്തിനെതിരെയും താപ്സി സംസാരിച്ചിരുന്നു.

‘മുൽക്’, ‘ആർട്ടിക്കിൾ 15’ എന്നീ ചിത്രങ്ങൾക്ക് ശേഷം അനുഭവ് സിൻഹ ഒരുക്കുന്ന ചിത്രമാണ് ‘തപ്പട്’. ഫെബ്രുവരി 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read more: നായകന്മാർ ‘നോ’ പറഞ്ഞതുകൊണ്ട് എന്നെ സിനിമകളിൽനിന്ന് മാറ്റിയിട്ടുണ്ട്: താപ്‌സി പന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook