പുരസ്കാരപെരുമഴയിൽ നനഞ്ഞ് ‘ഈ മ യൗ’ അതിന്റെ വിജയയാത്ര തുടരുകയാണ്. ടാൻസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വേൾഡ് സിനിമ കാറ്റഗറിയിൽ മൂന്ന് അവാർഡുകൾ കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ മ യൗ’ ഇപ്പോൾ. മികച്ച നടൻ, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ‘ഈ മ യൗ’ പുരസ്കാരങ്ങൾ നേടിയത്. മികച്ച നടനുള്ള പുരസ്കാരം ‘ഈ മ യൗ’വിലെ അഭിനയത്തിലൂടെ ചെമ്പൻ വിനോദ് ജോസും ‘പത്മാവതി’ലെ അഭിനയത്തിലൂടെ രൺവീർ സിംഗും പങ്കിട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാർഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി.

‘പിഹു’ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. ‘പിഹു’വിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം മീര വിശ്വകർമ്മയും കരസ്ഥമാക്കി. മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവയ്ക്കുളള അവാർഡുകൾ ഈമയൗ ടീമിനൊപ്പം പങ്കിട്ടത് ഇറാനിയൻ ചിത്രമായ ‘ഗോൾനെസ’യാണ് .

മുൻപ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ‘ഈ മ യൗ’ പുരസ്കാരങ്ങൾ നേടിയിരുന്നു. മികച്ച സംവിധായകൻ, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈൻ എന്നീ കാറ്റഗറികളിലാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്കാരങ്ങളും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും മികച്ച സംവിധായകനുള്ള രജതചകോരവും ‘ഈ മ യൗ’ കരസ്ഥമാക്കിയിരുന്നു.

Read more: ഈ മ യൗ: വായിച്ചറിയേണ്ടതല്ല, സ്ക്രീനില്‍ അനുഭവിച്ചറിയേണ്ടത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook