അന്തരിച്ച പ്രമുഖ നടി ശ്രീദേവിയോടുള്ള ആദരസൂചകമായി തങ്ങളുടെ രാജ്യത്ത് താരത്തിന്റെ പ്രതിമ പണിയാന്‍ സ്വിറ്റ്‌സര്‍ലൻഡ് ഗവണ്‍മെന്റ്. സംഗീതം കൊണ്ടും നൃത്തംകൊണ്ടും പ്രണയരംഗങ്ങള്‍കൊണ്ടും സ്വിറ്റ്‌സര്‍ലൻഡിനെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയതില്‍ ശ്രീദേവിയുടെ പങ്ക് തങ്ങള്‍ക്കു വിസ്മരിക്കാനാകില്ലെന്നാണ് സ്വിസ് ഗവണ്‍മെന്റ് പറയുന്നത്.

‘നേരത്തേ ഇന്റര്‍ലേക്കണില്‍ യാഷ് ചോപ്രയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുമായുള്ള അടുപ്പം സ്വിസ് ഗവണ്‍മെന്റ് തുറന്നുകാണിച്ചതാണ്. ഇവിടുത്തെ ടൂറിസത്തെ പ്രചരിപ്പിച്ചതില്‍ ശ്രീദേവിയുടെ പങ്ക് പരിഗണിച്ച് അവരെ ആദരിക്കാനായി രാജ്യത്ത് ഒരു പ്രതിമ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്,’ സ്വിറ്റ്‌സര്‍ലൻഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

1964ല്‍ പുറത്തിറങ്ങിയ രാജ് കപൂര്‍ ചിത്രം സംഗമാണ് ആദ്യമായി സ്വിറ്റ്‌സര്‍ലൻഡില്‍ ചിത്രീകരിച്ച ഇന്ത്യന്‍ സിനിമ. സംഗം മുതല്‍ സ്വിറ്റ്‌സര്‍ലൻഡ് ബോളിവുഡിന്റെ പ്രിയ ലൊക്കേഷനായി മാറി. അവിടുത്തെ ആല്‍പൈന്‍ ദൃശ്യഭംഗി ഇന്ത്യന്‍ പ്രേക്ഷകരില്‍ പ്രണയമുണര്‍ത്തി. 1995ല്‍ പുറത്തിറങ്ങിയ ആദിത്യാ ചോപ്രയുടെ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയും സ്വിറ്റ്‌സര്‍ലൻഡിന്റെ സൗന്ദര്യത്തെ ഇന്ത്യന്‍ യുവത്വത്തിനിടയില്‍ പരിചയപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ചു. സ്വിറ്റ്‌സര്‍ലൻഡ് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 1992ല്‍ 28,834 ഇന്ത്യക്കാര്‍ സ്വിറ്റ്‌സര്‍ലൻഡ് സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ 2017ല്‍ ഇത് 32,454 ആയി ഉയര്‍ന്നു.

ശ്രീദേവിയുടെ ഹിറ്റ് ചിത്രമായ ചാന്ദ്‌നിയിലെ ഒരുവിധം എല്ലാ ഗാനങ്ങളും ചിത്രീകരിച്ചത് സ്വിറ്റ്‌സര്‍ലൻഡില്‍ ആയിരുന്നു. ഒരു ശരാശരി ഇന്ത്യക്കാരന്റെ ടൂറിസ്റ്റ് ബക്കറ്റ് ലിസ്റ്റില്‍ സ്വിറ്റ്‌സര്‍ലൻഡിന്റെ പേരു വരാന്‍ ഇതും വലിയൊരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

‘സിനിമകളുടെ സ്വാധീനം മൂലം ദൃശ്യമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ യാത്രികര്‍ എപ്പോഴും തൽപരരാണ്. പ്രായഭേദമന്യേ ആളുകളെ സ്വാധീനിച്ച ചിത്രങ്ങളാണ് ശ്രീദേവിയുടേയും ഷാരൂഖ് ഖാന്റേയും. ഇവിടെ വരുന്ന പലര്‍ക്കും ഈ ചിത്രങ്ങളിലെ പല രംഗങ്ങളും ആവര്‍ത്തിക്കാനാണ് ആഗ്രഹം. ഇതു പലപ്പോഴും അപകടങ്ങളിലേക്കും നയിക്കാറുണ്ട്,’ വൃത്തങ്ങള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook