നാളുകള്‍ ഏറെയായി മലയാളികളുടെ മനസിലൂടെ അലസമായി ഒഴുകുന്ന പ്രണയനദിയാണ് സുജാത മോഹന്‍ എന്ന പാട്ടുകാരി. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് രണ്ടാം തലമുറക്കാരിയായി എത്തി ഇന്ന് ഇന്ത്യൻ സിനിമ സംഗീതത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന ഗായികയാണ് സുജാതയുടെ മകള്‍ ശ്വേതാ മോഹൻ. സംഗീത കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. ശ്വേതയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.

ചെന്നൈയിലെ പ്രശാന്തി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.15ഓടെയാണ് പ്രസവം നടന്നത്. മലയാളത്തിന്റെ കിളിമൊഴി സുജാത മോഹന്റെ മകളെന്ന മേൽവിലാസവുമായാണു സിനിമാ സംഗീതത്തിലേക്ക് ശ്വേത എത്തിയത്. എന്നാൽ ഇന്നു മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷയിൽ വരെ എത്തി നിൽക്കുന്നതാണു ശ്വേതയുടെ സ്വരമാധുര്യം.

സംഗീത വിസ്മയം എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പത്താം വയസിൽ ബോംബെ, ഇന്ദിര എന്ന ചിത്രങ്ങളിലൂടെ കോറസ് പാടിയാണ് ശ്വേത പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് 2001–ൽ ത്രീ റോസസ് എന്ന തമിഴ് ചിത്രത്തിലൂടെയാണു ശ്വേതയുടെ ശബ്ദം പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. എങ്കിലും 2005–ൽ മലയാളത്തിൽ ദീപക് ദേവിന്റെ സംഗീതത്തിൽ ലയൺ എന്ന ചിത്രത്തിലെ സുന്ദരീ ഒന്നു പറയൂ എന്ന ഗാനമാണു സിനിമാ ലോകത്ത് ശ്വേതയ്ക്കു മികച്ച ഒരു തുടക്കമായത്. പിന്നീട് എല്ലാ ഭാഷയിലും തന്റെ കൈയൊപ്പു ചാർത്താൻ ശ്വേതയ്ക്കു കഴിഞ്ഞു. പ്രശസ്തരായ എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകൾ പാടാൻ ഇതിനോടകം ശ്വേതയ്ക്കു സാധിച്ചു. ഇളയരാജ, എ.ആർ. റഹ്മാൻ, വിദ്യാ സാഗർ, ഹാരിസ് ജയരാജ്, ഔസേപ്പച്ചൻ, ജോൺസൺ തുടങ്ങി പുതിയ പ്രതിഭകളുടെ പാട്ടുകൾ വരെ ഇതിനോടകം ശ്വേതയെ തേടിയെത്തിയിരുന്നു.

സംഗീത ജീവിതത്തിൽ അമ്മ സുജാതയുടെ പൈതൃകത്തെ നെഞ്ചോട് ചേർത്തു മുന്നേറിയ ശ്വേത 2007–ൽ നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്‌ഥാന പുരസ്കാരവും സ്വന്തമാക്കി. പിന്നീടു ഫിലിം ഫെയർ അവാർഡ്, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, വിവിധ ഭാഷകളിലായി നിരവധി ചാനലുകളുടെ പുരസ്കാരങ്ങൾ തുടങ്ങി ഒരു പതിറ്റാണ്ടിനിടയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ഒരു നാൾ വരും എന്ന ചിത്രത്തിലെ മാവിൻ ചോട്ടിലെ, ഒരേ കടലിലെ യമുന വെറുതെ, കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ രക്ഷകാ നീ എന്നിവ ശ്വേതയുടെ മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ പാട്ടുകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ