ബിഗ് ബോസില്‍ തനിക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നതായി സാമൂഹ്യപ്രവര്‍ത്തകയും തിരുവനന്തപുരം ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ദിയ സന. ശ്വേത മേനോന്‍ അടക്കമുളള മുതിര്‍ന്ന താരങ്ങളില്‍ നിന്ന് വിവേചനം അനുഭവപ്പെട്ടതായി ദിയ ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രഞ്ജിനിയും ശ്വേതയുമൊന്നും ആദ്യമൊന്നും തന്നോട് സംസാരിക്കാറു പോലുമില്ലായിരുന്നെന്ന് ദിയ പറഞ്ഞു. പലപ്പോഴും നിറത്തെയും രൂപത്തെയുമൊക്കെ അവര്‍ പരിഹസിക്കുന്നതായും തോന്നിയിട്ടുണ്ടെന്നും സുനിത ദേവദാസുമായുളള അഭിമുഖത്തില്‍ ദിയ കൂട്ടിച്ചേര്‍ത്തു.

‘ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് പറയുമ്പോഴും മറ്റു പലരും എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും എനിക്ക് കൃത്യമായിട്ടറിയാം ഇതൊക്കെ വിവേചനമാണെന്ന്. എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ചു കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ, കളിയില്‍ തുടരണമായിരുന്നെങ്കില്‍ അതെ വഴിയുണ്ടായിരുന്നുള്ളൂ. ഇവരൊക്കെ പല തരത്തിലും പ്രബലരല്ലേ? വേറെന്ത് വഴി? ഈ സാഹചര്യത്തില്‍ അഞ്ജലി വന്നപ്പോൾ അത് ആശ്വാസമായിരുന്നു. അര്‍ച്ചന മാത്രമായിരുന്നു ആശ്വാസം. അവളുമായി ശരിക്കും നല്ല കൂട്ടായിരുന്നു’, ദിയ പറഞ്ഞു.

അരിസ്റ്റോ സുരേഷിനോട് വഴക്കിട്ടത് അനാവശ്യമായി പോയെന്ന് തോന്നുന്നതായും ദിയ കൂട്ടിച്ചേര്‍ത്തു. ‘സുരേഷേട്ടനോട് ഞാന്‍ ചിലപ്പോഴൊക്കെ വഴക്കിട്ടത് വേണ്ടായിരുന്നുവെന്നു ഇപ്പോള്‍ തോന്നുന്നുണ്ട്. ആ വീടിനുള്ളില്‍ ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും തിരുത്താന്‍ എനിക്ക് അവസരം കിട്ടിയാല്‍ ഞാന്‍ സുരേഷേട്ടനോട് വഴക്കിട്ടത് തിരുത്തും. സുരേഷേട്ടനെ എനിക്ക് ബിഗ് ബോസ്സില്‍ വരുന്നതിന് മുന്‍പ് തന്നെ അറിയാം. എന്റെയൊരു സ്വാര്‍ത്ഥത എങ്ങനെയോ അവിടെ പുറത്തു വന്നതായി തോന്നുന്നു. സുരേഷേട്ടന്‍ പേളിയെ സ്‌നേഹിക്കുന്നത് പോലെ എന്നെയും സ്‌നേഹിക്കണം എന്നെനിക്ക് തോന്നിയിരുന്നു. അതില്‍ നിന്നും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലുപരി സുരേഷേട്ടനും പേളിയും തമ്മിലുള്ള ഒരു വല്ലാത്ത ബന്ധം കളിയുടെയും വീടിന്റെയും താളം തന്നെ തെറ്റിച്ചു കളഞ്ഞു എന്നതാണ് സത്യം’,​ ദിയ പറഞ്ഞു.

സാബു ശരിക്കും തരികിട സാബു തന്നെ ആണെന്നാണ് ദിയ പറഞ്ഞത്. ബുദ്ധിശാലിയും കൂര്‍മബുദ്ധിയും കൗശലവും ഒക്കെയുളള മിടുക്കനായ മത്സരാര്‍ത്ഥിയാണ് സാബുവെന്നും ദിയ പറഞ്ഞു. ഫെയര്‍ ഗെയിം ആണെങ്കില്‍ മത്സരത്തില്‍ അര്‍ച്ചന വിജയിക്കും എന്നാണ് ദിയയുടെ പ്രവചനം. നന്നായി കളിച്ചാല്‍ സാബു, അര്‍ച്ചന, രഞ്ജിനി, പേളി ഫൈനലില്‍ എത്തുമെന്നും ദിയ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook