ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ നായക കഥാപാത്രമായ വിന്‍സെന്റ് പെപ്പെയെ അത്ര പെട്ടന്നൊന്നും മലയാളികള്‍ക്ക് മറക്കാനാകില്ല. കുറച്ച് തല്ലുകൊള്ളിത്തരവും, എടുത്തു ചാട്ടവും, കുസൃതിയും, പ്രണയവുമൊക്കെ നിറച്ച് പെപ്പെയെ മനോഹരമാക്കിയ ആന്റണി വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രമാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് പുറത്തുവിട്ടു.
ഇരുന്നൂറു തിരക്കഥകള്‍ കേട്ടതിനു ശേഷമാണ് ആന്റണി ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് സിനിമാ പാരഡീസോ ക്ലബ്ബ് അവാര്‍ഡ് വേദിയില്‍വച്ച് ആന്റണി തന്നെ പറഞ്ഞിരുന്നു.
ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് കുര്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മ്മാണ രംഗത്തേക്കു കടക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മാണത്തില്‍ ബി.സി.ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കോട്ടയംകാരനായാണ് ആന്റണി എത്തുക. അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.