സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ‘ചതുരം’ ആണ് സ്വാസികയും അവസാനമായി റിലീസിനെത്തിയ ചിത്രം. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യപിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം കുറച്ചു ദിവസങ്ങളായി കളരി പരിശീലനത്തിന്റെ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. വളരെ അനായാസമായി കളരി അടവുകൾ ചെയ്യുന്ന താരത്തിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തു. സ്വാസിക ഇനി അഭിനയിക്കുന്നത് ആക്ഷൻ ചിത്രത്തിലാണോ എന്നതാണ് ആരാധകരുടെ സംശയം.
കളരി അഭ്യസിക്കുന്നത് അതുമായി ബന്ധപ്പെട്ട ആക്ഷൻ ചിത്രത്തിനു വേണ്ടിയാണെന്നുള്ള ഒരു ആരാധകന്റെ പോസ്റ്റ് സ്വാസികയും പങ്കുവച്ചിട്ടുണ്ട്. എന്നാൽ താരം ഇതിനു കൃത്യമായി മറുപടി നൽകിയിട്ടില്ല.

കോൽത്താരി പരിശീലനത്തിലുള്ള വീഡിയോയാണ് സ്വാസിക ഇന്ന് പങ്കുവച്ചത്. താരത്തിന്റെ അധ്വാനത്തിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്.
നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.