/indian-express-malayalam/media/media_files/uploads/2023/02/Swasika.png)
2019 ലെ മികച്ച ചിത്രം, മികച്ച സ്വഭാവ നടി എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് 'വാസന്തി'. നടി സ്വാസികയാണ് ചിത്രത്തിലൂടെ മികച്ച സ്വാഭാവ നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.ചിത്രം ഫിലിം ഫെസ്റ്റിവലുകൾക്കും മറ്റും പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണങ്ങളാണ് നേടിയത്. പക്ഷെ രണ്ടു വർഷങ്ങൾക്കിപ്പുറമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ശനിയാഴ്ച മുതൽ വിൽസൻ പിക്ച്ചേഴ്‌സ് എന്ന് യൂട്യൂബ് ചാനലിലൂടെ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.
അനവധി അംഗീകാരങ്ങൾ നേടിയ ചിത്രം കാണാനായായുള്ള കാത്തിരിപ്പിലായിരുന്നു ആസ്വാദകർ. ഒടുവിൽ വെല്ലുവിളികളെല്ലാം തരണം ചെയ്‌ത് ചിത്രം യൂട്യൂബ് ചാനലിലെത്തിയിരിക്കുകയാണ്."സിനിമ ഒടുവിൽ ആളുകളിലേക്ക് എത്തിയതിൽ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തെ നീണ്ട ചർച്ചകൾക്കു ശേഷം വിൽസൻ പിക്‌ച്ചേഴ്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തി. യൂട്യൂബായതു കൊണ്ട് എല്ലാവർക്കും പെട്ടെന്ന് കാണാനും കഴിയും" വാസന്തി പ്രേക്ഷകരിലേക്കെത്തിയതിന്റെ സന്തോഷം സ്വാസിക ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കുവച്ചു. സ്റ്റാർ കാസ്റ്റില്ലെന്ന കാരണം കൊണ്ടാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ എത്താതിരുന്നതെന്നും സ്വാസിക പറയുന്നു.
"പുരസ്‌കാരങ്ങൾ ലഭിച്ചതിനു ശേഷം സിജു പല ഒടിടി പ്ലാറ്റ്‌ഫോമുകളെയും സമീപിച്ചിട്ടുണ്ട്. പക്ഷെ അവർ പറഞ്ഞ പ്രധാന കാരണം ഈ ചിത്രത്തിനു സാറ്റ്‌ലൈറ്റ് വാല്യൂ ഉള്ളൊരു മുഖമില്ലെന്നതാണ്.സിനിമ ഒരു ബിസിനസ്സാണല്ലോ, മോശം ചിത്രങ്ങൾക്കു വരെ സാറ്റ്‌ലൈറ്റ് വാല്യൂ ഉണ്ട്. എനിക്ക് തോന്നുന്നു ഇവിടുത്തെ രീതി അങ്ങനെയായി പോയി. സ്റ്റാർ കാസ്റ്റ് എന്നത് ഇവിടെ വളരെ പ്രധാനമാണ്. പക്ഷെ തോറ്റ് കൊടുക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ചിത്രം എങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവിൽ അത് യൂട്യൂബിലൂടെയായി"സ്വാസിക പറഞ്ഞു.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സിജു വിൽസൻ തന്നെയായിരുന്നു വാസന്തിയുടെ നിർമാതാവ്.ഷിനോസ്, സജാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ നിർവഹിച്ചത്. സ്വാസികയ്‌ക്കും സിജുവിനും പുറമെ ശബരീഷ് വർമയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.