സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
ആറാട്ട്, പത്താം വളവ്, കുടുക്ക്,മോൺസ്റ്റർ, കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ചതുരം എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളുമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന സ്വാസികയെ ആണ് പ്രേക്ഷകർ കണ്ടത്.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ സ്വാസിക ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. കാന്തല്ലൂരിലെ സ്ട്രോബറി ഫാമുകളുടെ ബാക്ക്ഗ്രൗണ്ടിൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സ്വാസിക ഇപ്പോൾ പങ്കുവയ്ക്കുന്നത്.
‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്.
നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.