സിനിമയിലെ പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ മൗനം പാലിക്കുമ്പോള്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുളള കാഴ്‌ച പ്രതീക്ഷ പകരുന്നതാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ സംവാദ പരിപാടിയായ അഡ്‌ഢയില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമാ നിരൂപകയായ ശുഭ്ര ഗുപ്‌ത, ദേശീയ ഫീച്ചര്‍ എഡിറ്റര്‍ ദേവയാനി ഒനിയാല്‍ എന്നിവരാണ് സംവാദം നയിച്ചത്.
ഹോളിവുഡില്‍ കാസ്‌റ്റിങ് കൗച്ചിനെതിരേയും ലൈംഗിക അതിക്രമത്തേയും കുറിച്ച് നടിമാര്‍ തുറന്നു പറഞ്ഞ സാഹചര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്വരയുടെ പരാമര്‍ശം. ഹോളിവുഡില്‍ സംഭവിച്ചത് പുറത്തു പറയാന്‍ സമയം ഒരുപാട് എടുത്തു. അമേരിക്കന്‍ സമൂഹവും മാധ്യമങ്ങളും അതിജീവനം നടത്തിയ സ്ത്രീകള്‍ക്ക് നേരെ സഹതാപം കാണിക്കുകയും, പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്‌തതോടെയാണ് നടിമാര്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയതെന്ന് സ്വര പറഞ്ഞു.
‘തുറന്നു പറയുന്ന ഇരകളുടെ വാക്കുകള്‍ സ്വീകരിക്കാന്‍ സമൂഹം തയ്യാറായാല്‍ മാത്രമേ അവര്‍ക്ക് സുരക്ഷ തോന്നുകയുളളൂ. അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. നടന്മാരായാലും നടിമാരായാലും തുറന്നു പറയാന്‍ തയ്യാറായവരെ തുറന്ന ചെവികളുമായി സ്വീകരിക്കാന്‍ സമൂഹം തയ്യാറാവണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സുരക്ഷിതമായി ഇത് അവതരിപ്പിക്കാന്‍ കഴിയുകയുളളൂ.
മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ അത് നടക്കുന്നുണ്ട്. വളരെ സന്തോഷകരമായ കാര്യമാണ് അവിടെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പിന്തുണയോടെ നടിക്ക് വേണ്ടി ഒരു കൂട്ടം നടിമാര്‍ നില കൊണ്ടു. ചിലര്‍ വളരെ നന്നായി ഇതിനെതിരെ സംസാരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് നടിമാര്‍ അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജിവച്ചു. വളരെ അത്ഭുതകരമായ പ്രവൃത്തിയാണ് അവരുടേത്. ബോളിവുഡിന് പുറത്ത് നോക്കിയാല്‍ ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്’, സ്വര ഭാസ്‌കര്‍ പറഞ്ഞു.
അക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജി വച്ചത്. ഇതിനെ പരാമര്‍ശിച്ചാണ് സ്വരയുടെ വാക്കുകള്‍.
സിനിമാ രംഗത്തു നിന്നും തങ്ങള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് നടിമാരുള്‍പ്പെടെ നിരവധി സ്ത്രീകള്‍ അടുത്തിടെ രംഗത്തു വന്നിരുന്നു. ഹോളിവുഡിലായിരുന്നു ഇതിന്റെ തുടക്കം. ആഞ്ചലീന ജോളി ഉള്‍പ്പെടെയുള്ളവരാണ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്ന് സ്വര ഭാസ്കറും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഒരു സിനിമയുടെ ഷൂട്ടിങ് ദിവസങ്ങള്‍ക്കിടയില്‍ താന്‍ നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് സ്വര ഭാസ്‌കര്‍ പറഞ്ഞതിങ്ങനെ:
’56 ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടി ഒരു ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. സിനിമയില്‍ വന്ന സമയമാണ്. മെസ്സേജുകളിലൂടെയും രാത്രിയില്‍ ഭക്ഷണം കഴിക്കാമെന്ന ക്ഷണങ്ങളിലൂടെയും സംവിധായകന്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. പകല്‍ സമയത്ത് എന്നെ നിരീക്ഷിക്കുകയും രാത്രി ശല്യപ്പെടുത്തലുമായിരുന്നു അയാളുടെ സ്ഥിരം ജോലി. ഒരു രാത്രി സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞ് എന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അയാള്‍. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ ആഴ്‌ചയില്‍ തന്നെ മദ്യപിച്ച് രാത്രി അയാള്‍ എന്റെ മുറിയില്‍ കയറിവന്നു. കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നോട് സ്‌നേഹത്തെക്കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങി. ശരിക്കും അന്നു ഞാന്‍ പേടിച്ചു. കാരണം തീര്‍ത്തും ഒറ്റക്കായിരുന്നു. പിന്നീട് സ്ഥിരമായി ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയാല്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്യും. മേക്ക് അപ് അഴിച്ചിരുന്നതു പോലും ഇരുട്ടില്‍ ആയിരുന്നു. ഞാന്‍ ഉറങ്ങിക്കാണുമെന്ന് കരുതി അയാള്‍ എന്നെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു’.
ഇത്തരം പെരുമാറ്റങ്ങള്‍ തുടര്‍ന്നാല്‍ താന്‍ സിനിമ പകുതിക്ക് വച്ച് നിര്‍ത്തിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സംവിധായകന്റെ ശല്യം കുറഞ്ഞതെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു. ആദ്യത്തെ കുറച്ചു നാള്‍ ശല്യം കുറഞ്ഞെങ്കിലും വീണ്ടും തുടങ്ങി. ഒടുവില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചതെന്ന് നടി വ്യക്തമാക്കി.