സിനിമാ മേഖലയിൽ ലൈംഗികമായി അതിക്രമിക്കപ്പെട്ടതിനെക്കുറിച്ച് അടുത്തിടെ പല നടിമാരും വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും നടിമാർ പല വിധത്തിൽ ചൂഷണത്തിനിരയാവാറുണ്ട്. പലരും ഇത് തുറന്നു പറയാറില്ലെന്നു മാത്രം. എന്നാൽ പൊതുസ്ഥലത്ത് രണ്ടു വർഷം മുൻപ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കർ.

സൽമാൻ ഖാൻ നായകനായ ‘പ്രേം രത്തൻ ധൻ പായോ’ എന്ന സിനിമയുടെ പ്രമോഷനുവേണ്ടി രാജ്കോട്ട് വിമാനത്താവളത്തിൽ എത്തിയപ്പോഴുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് നടി പറഞ്ഞത്. ”സൽമാൻ ഖാനോടൊപ്പമാണ് ഞാൻ വിമാനത്താവളത്തിൽ എത്തിയത്. സൽമാനെ കാണാനായി രണ്ടായിരത്തോളം പേർ വിമാനത്താവളത്തിലുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. പക്ഷേ സൽമാനെ കണ്ടപ്പോൾ എല്ലാവരും ഓടി അടുത്തേക്ക് എത്തി. ഇതിനിടയിൽ ഒരാൾ തന്നെ കടന്നു പിടിക്കുകയായിരുന്നു. ഒരു വിധത്തിലാണ് ജനക്കൂട്ടത്തിനിടയിൽനിന്നും കാറിൽ കയറിയത്”-സ്വര പറയുന്നു.

മറ്റൊരിക്കൽ ട്രെയിനിൽ വച്ചുണ്ടായ അനുഭവത്തെക്കുറിച്ചും സ്വര വെളിപ്പെടുത്തി. ”സിനിമയിൽ അവസരം തേടി മുംബൈയിൽ ഞാൻ എത്തിയ സമയമായിരുന്നു. ചില ചിത്രങ്ങളിലൊക്കെ ആ സമയത്ത് അഭിനയിച്ചിരുന്നു. എനിക്ക് കിട്ടാനുണ്ടായിരുന്ന ചെക്ക് വാങ്ങാനായി ട്രെയിനിൽ ഒരു ദിവസം യാത്ര ചെയ്യുകയായിരുന്നു. ഫസ്റ്റ് ക്ലാസിലായിരുന്നു യാത്ര. രാത്രി ആയതിനാൽ കംപാർട്മെന്റിൽ വേറെ ആരുമില്ലായിരുന്നു. പെട്ടെന്നൊരാൾ കംപാർട്മെന്റിലേക്ക് കയറിവന്നു. അയാൾ ലഹരിക്ക് അടിമയായിരുന്നു. അയാൾ എനിക്കുനേരെ സ്വകാര്യഭാഗം പ്രദർശിപ്പിച്ചു. ഒരു നിമിഷം ഞാൻ സ്തബ്‌ധയായിപ്പോയി. സ്വബോധം വീണ്ടെടുത്ത ഞാൻ കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് അയാളെ അടിച്ചു. അയാളുടെ ഷർട്ടിന്റെ കോളർ കുത്തിപ്പിടിച്ചു. ട്രെയിൻ നിർത്തിയാൽ അയാൾ രക്ഷപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അയാളെ പൊലീസിൽ ഏൽപ്പിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ ട്രെയിൻ നിൽക്കാറായപ്പോൾ എന്റെ കൈ തട്ടിമാറ്റി അയാൾ അടുത്ത കംപാർട്മെന്റിലേക്ക് ഓടിപ്പോയെന്നും” സ്വര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ