സിനിമാ രംഗത്തു നിന്നും തങ്ങള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് നടിമാരുള്‍പ്പെടെ നിരവധി സ്ത്രീകള്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. ഹോളിവുഡിലായിരുന്നു ഇതിന്റെ തുടക്കം. ആഞ്ചലീന ജോളി ഉള്‍പ്പെടെയുള്ളവരാണ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. ഇവിടെയിതാ, തൊട്ടടുത്ത് ബോളിവുഡിലും ഒരു നടിയെത്തുന്നു സിനിമാ രംഗത്തുനിന്ന് താന്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്. മറ്റാരുമല്ല അത് സ്വര ഭാസ്കറാണ്. മുംബൈ മിററിനു നല്കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
ഒരു സിനിമയുടെ സെറ്റിലാണ് സ്വരയ്ക്ക് ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായത്. അതും സംവിധായകനില്‍ നിന്ന്. പലരും സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം, എന്നാല്‍ അവരുടെ ഇഷ്ടത്തിന് നിന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനു താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞതുകൊണ്ട് മാത്രം തന്റെ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും സ്വര ഭാസ്കര്‍ വ്യക്തമാക്കുന്നു.
ഒരു സിനിമയുടെ ഷൂട്ടിങ് ദിവസങ്ങള്‍ക്കിടയില്‍ താന്‍ നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് സ്വര ഭാസ്കര്‍ പറഞ്ഞതിങ്ങനെ:
’56 ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടി ഒരു ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. സിനിമയില്‍ വന്ന സമയമാണ്. മെസ്സേജുകളിലൂടെയും രാത്രിയില്‍ ഭക്ഷണം കഴിക്കാമെന്ന ക്ഷണങ്ങളിലൂടെയും സംവിധാനം നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. പകല്‍ സമയത്ത് എന്നെ നിരീക്ഷിക്കുകയും രാത്രി ശല്യപ്പെടുത്തലുമായിരുന്നു അയാളുടെ സ്ഥിരം ജോലി. ഒരു രാത്രി സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞ് എന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അയാള്‍. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ ആഴ്ചയില്‍ തന്നെ മദ്യപിച്ച് രാത്രി അയാള്‍ എന്റെ മുറിയില്‍ കയറിവന്നു. കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നോട് സ്നേഹത്തെക്കുറിച്ചും സെക്സിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങി. ശരിക്കും അന്നു ഞാന്‍ പേടിച്ചു. കാരണം തീര്‍ത്തും ഒറ്റക്കായിരുന്നു. പിന്നീട് സ്ഥിരമായി ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയാല്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്യും. മേക്ക് അപ് അഴിച്ചിരുന്നതു പോലും ഇരുട്ടില്‍ ആയിരുന്നു. ഞാന്‍ ഉറങ്ങിക്കാണുമെന്ന് കരുതി അയാള്‍ എന്നെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു.’
ഇത്തരം പെരുമാറ്റങ്ങള്‍ തുടര്‍ന്നാല്‍ താന്‍ സിനിമ പകുതിക്ക് വച്ച് നിര്ത്തിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സംവിധായകന്റെ ശല്യം കുറഞ്ഞതെന്ന് സ്വര ഭാസ്കര്‍ പറയുന്നു. ആദ്യത്തെ കുറച്ചു നാള് ശല്യം കുറഞ്ഞെങ്കിലും വീണ്ടും തുടങ്ങി. ഒടുവില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചതെന്ന് നടി വ്യക്തമാക്കി.